വെള്ളരിക്കുണ്ട(കാസര്‍കോട്): സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ഡിസ്ട്രിക്റ്റ് റബ്ബര്‍ ആന്റ് ക്യാഷു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
എളേരിത്തട്ട് സ്വദേശിയാണ് കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പൗത്രനാണ്. പിതാവ് :പരേതനായ അപ്പൂഞ്ഞിനായര്‍. മാതാവ്: സി പി കാര്‍ത്യായണി അമ്മ. ഭാര്യ:എന്‍ ഗീത. മക്കള്‍, സ്നേഹ ബാബു, അര്‍ദ്ധേന്ദു’ൂഷണ്‍ബാബു. മരുമകന്‍ ജിതിന്‍ജയദേവന്‍.
സമ്മേളനം മൂന്ന് ക്യാന്റിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 38 അംഗ ജില്ലാ കൗണ്‍സിലിനെയും 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ദേശീയ എക്സിക്യൂട്ടീവംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ പി വസന്തം, കെ കെ അഷറഫ്, ടി വി ബാലന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു പൊതു ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു.
ദേശിയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കരിക്കണമെന്നുംകാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയം വഴിആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കണം-സി പി ഐ
വെള്ളരിക്കുണ്ട്: ദേശീയ പാത നിര്‍മ്മാണത്തില്‍ പ്രകൃതിക്കും മനുഷ്യനും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കാസര്‍കോട് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതയുടെ രണ്ട,് മൂന്ന് റിച്ചുകളിലാണ് ഗുരുതരമായ സ്ഥിതി വിശേഷങ്ങള്‍ നിലനില്‍ക്കുന്നത്. ബേവിഞ്ച, തെക്കില്‍, മട്ടലായി, വീരമലകുന്ന്, എന്നീ പ്രദേശങ്ങളില്‍ ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്.
മണ്ണെടുക്കുന്നതിലുള്ള അശാസ്ത്രീയതും ഭൂമി ശാസ്ത്രത്തെ കുറിച്ചുള്ള എഞ്ചിനീയറിംഗ് അജ്ഞതയും കോര്‍പ്പറേറ്റ് ലാഭക്കൊതിക്ക് ഭരണകൂടം നല്‍കുന്ന ഒത്താശയുടെയും ഭാഗമായുള്ള ദുരന്തമാണ് ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്.
നിര്‍മ്മാണത്തിന്റെ മറവില്‍ വ്യാപകമായ പ്രകൃതി ചൂഷണവും മണ്ണെടുപ്പും അനിയന്ത്രിതമായി നടക്കുന്നു.
വികസനത്തിന്റെ പേരില്‍ ജനതയുടെ സഞ്ചാര സ്വതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി നിര്‍മ്മാണ കമ്പനിക്ക് കൂട്ടുനില്‍ക്കുന്ന സ്ഥിതി ഗൗരവതരമായി കാണണം. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം- സി പി ഐ
വെള്ളരിക്കുണ്ട്: ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സയടക്കം വേഗത്തില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയില്‍ വലിയ കുറവുകള്‍ നിലനില്‍ക്കുകയാണ്.
എല്‍ഡി എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി 9 വര്‍ഷം സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്നിട്ടും കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് സ്ഥാപിച്ച് മറ്റ് ഭാഗങ്ങളില്‍ നിന്ന് കുറച്ച് ഡോക്ടര്‍മാരെയും ചുരുക്കം മറ്റ് ജീവനക്കാരെയും മാറ്റി നിയമിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
ജില്ലാ ആശുപത്രിയോടനുബന്ധിച്ച് നിര്‍മ്മിച്ച ബഹുനില കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നില്ല.
ആവശ്യത്തിന് തസ്തികകള്‍ അനുവദിക്കുകയോ അനുവദിച്ച തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ അവധിയെടുത്തു പോകുന്നത് തടയുകയോ ചെയ്യുന്നില്ല. പുതിയ കെട്ടിടങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാലും അവ നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ ഒരു ജാഗ്രതയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കോവിഡ് കാലത്ത് ചട്ടഞ്ചാല്‍ ആരംഭിച്ച ടാറ്റ കോവിഡ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിന്റെയൊക്കെ ഫലമായി ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിലവിലെ ഒഴിവുകള്‍ നികത്തി അധിക തസ്തികള്‍ സൃഷ്ടിച്ച ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനംആവശ്യപ്പെട്ടു.