വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ (88) കാലം ചെയ്തു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ വച്ച് അന്തരിച്ചുവെന്നാണ് വത്തിക്കാന്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ബൈലാറ്ററല്‍ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയിരുന്നതായി മെഡിക്കല്‍ ടീം വെളിപ്പെടുത്തി.
വലിയ ഇടയന് ആദരം അര്‍പ്പിച്ച് ലോകം
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലോകം മുഴുവന്‍ ആദരവോടെ വിട ചെല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാ രാഷ്ട്ര തലവന്മാരും സെലിബ്രിറ്റികളും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആദരവ് അര്‍പ്പിച്ച് മുന്നോട്ട് വന്നു. മാര്‍പ്പാപ്പയോടുള്ള ആദരസൂചകമായി ഈഫല്‍ ടവറിലെ പ്രസിദ്ധമായ ലൈറ്റ് ഷോ ഇന്ന് ഉണ്ടായിരിക്കില്ലെന്ന് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി വാദിച്ച പോപ്പിന്റെ സ്മരണക്കായി നഗരത്തിലെ ഒരു സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മേയര്‍ പറഞ്ഞു.
പോപ്പിന്റെ 88 വര്‍ഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കി പാരിസിലെ നോതര്‍ ഡാം കത്തീഡ്രലിന്റെ ചരിത്രപ്രസിദ്ധമായ പള്ളി മണി 88 തവണ മുഴക്കി. ’88 റിങ്സ് ഫോര്‍ 88 ഇയേഴ്സ് ഓഫ് ലൈഫ്’ എന്ന സന്ദേശവുമായിട്ടായിരുന്നു ഈ മണി മുഴക്കമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാര്‍പാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈസറ്റര്‍ ദിനത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് തന്റെ സന്ദേശം കൈമാറിയിരുന്നു.
ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അര്ജന്റീനക്കരാനായ കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ പുതിയ പോപ്പായി തിരഞ്ഞെടുക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ് എന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച അദ്ദേഹം, ലളിത ജീവിതശൈലിക്കും പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകളിലൂടേയുമാണ് ശ്രദ്ധേയനാകുന്നത്.
അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദുഃഖിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ദുഃഖത്തിന്റെ ഈ അവസരത്തില്‍ ആഗോള കത്തോലിക്കാ സമൂഹത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു