DISTRICT NEWS

പോലീസ് മാധ്യമ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു

കാസര്‍ഗോഡ് / സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാതല യോഗം തീരുമാനിച്ചു . പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു. സമിതി അംഗങ്ങളായ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍, അഡ്വ.കെ. കുമാരന്‍ നായര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജു കണ്ണന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രദീപ് ജി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ മാധ്യമങ്ങളും പോലീസും തമ്മില്‍ മികച്ച സൗഹൃദാന്തരീക്ഷമാണ് ഉള്ളതെന്ന് യോഗം വിലയിരുത്തി. അനധികൃതമായി പ്രസ്സിന്റെ സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണം. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ പൊതുജനങ്ങളില്‍ നിന്നും ചിലര്‍ പണം വാങ്ങുന്ന പ്രവണതയെക്കുറിച്ച് മാധ്യമ സംഘടനകള്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട് . അത്തരത്തില്‍ ആരെങ്കിലും പണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഭീഷണിയ്ക്ക് ഇരയായവര്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കണമെന്നും ഈ വിഷയത്തില്‍ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്നും എ.എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *