KERALA NEWS

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പ്; വിവാദം

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഞെട്ടല്‍ ഉളവാക്കിക്കൊണ്ട് ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായാണ് ഗ്രൂപ്പ് രൂപപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് ഗ്രൂപ്പ് നിലവില്‍ വന്നത്. ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. സംഭവം ഐ എ എസുകാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായതോടെ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും സൈബര്‍ പോലീസില്‍ പരാതി നല്‍കിയെന്നും ഗ്രൂപ്പ് അഡ്മിനിയാ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിലെ ആശങ്ക അറിയിച്ചു ഗോപാലകൃഷ്ണനെ വിളിച്ചു. ഇതോടെയാണ് ഗ്രൂപ്പ് ഡിലീറ്റായത്.

അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതായും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. ഗ്രൂപ്പുകളെല്ലാം മാന്വലി ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും അദ്ദേഹം സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

ഫോണ്‍ ഹാക്ക് ചെയ്തതതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി അദ്ദേഹം പറയുന്നു. അതേ സമയം, മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായത് സംശയങള്‍ ഉണ്ടാക്കുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സാമുദായിക സ്പര്‍ധ ഉണ്ടാക്കും വിധത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന ചോദ്യം ഉയര്‍ന്നു. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *