മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്.
എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല് മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്.
ആര്‍ത്രൈറ്റിസ് പലതരം
പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സ്വന്തം പ്രതിരോധശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്. രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം. ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനം വേഗത്തിലാകുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുക എന്നിവ തേയ്മാനം വേഗത്തിലാകാന്‍ കാരണമാകാറുണ്ട്.
രോഗ നിര്‍ണ്ണയം
ആര്‍ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്കാന്. ഡോക്ടര്‍ നേരിട്ട് നടത്തുന്ന പരിശോധനകള്‍ കൂടാതെ എക്സ് റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു. തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമര്‍, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്