പാര്‍ലമെന്റിലെ ‘ചക്രവൂഹ്യ’പ്രസംഗത്തില്‍ കോപാകുലരായ കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ ഇഡി റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം പങ്കിട്ടത്. ഇഡിയില്‍ നിന്നുള്ള ചിലരാണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
‘എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇഡിയില്‍ തന്നെയുള്ള ചിലര്‍ എന്നോട് പറഞ്ഞു. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു, ചായയും ബിസ്‌കറ്റും റെഡിയാണ്’, രാഹുല്‍ ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണെന്നായിരുന്നു പാര്‍ലമെന്റിലെ രാഹുലിന്റെ പ്രസംഗം. അദാനിയും അംബാനിയും അടക്കം ആറ് പേര്‍ ചേര്‍ന്നാണ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുരുക്ഷേത്രയില്‍ ആറ് പേര്‍ അഭിമന്യുവിനെ ഒരു ‘ചക്രവ്യൂഹ’ത്തില്‍ കുടുക്കി കൊന്നു ആ ‘ചക്രവ്യൂഹത്തിന്’ പത്മവ്യൂഹം എന്നും വിളിക്കാം – അതായത് ‘താമര രൂപീകരണം’. 21-ാം നൂറ്റാണ്ടില്‍ ഒരു പുതിയ ‘ചക്രവ്യൂഹം’ രൂപപ്പെട്ടിരിക്കുന്നു – അതും താമരയുടെ രൂപത്തില്‍ , മോദി ആ ചിഹ്നത്തെ നെഞ്ചില്‍ പേറുന്നു. അഭിമന്യുവിനോട് ചെയ്തത് ഇന്ത്യയോട് ചെയ്യുന്നു. യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എല്ലാം അനുഭവിക്കുകയാണ്. ഇന്നും’ചക്രവ്യൂഹ’ത്തിന്റെ നിയന്ത്രിക്കുന്നത് പേരാണ് -നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി. എന്നിവരാണവര്‍’, എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.