KERALA NEWS

വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, ‘ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചു’

വിഴിഞ്ഞത്ത് ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി. അദാനി ഗ്രൂപ്പിനും അദ്ദേഹം നന്ദി പറഞ്ഞു. ഇത് സ്വപ്ന സാക്ഷാത്കാരമാണ്. കരണ്‍ അദാനിക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്യാനാവും. ട്രയല്‍ റണ്‍ ആണെങ്കിലും തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇടതിന്റെ ഇച്ഛാശക്തി കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാനായതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണ്. വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആയി മാറും. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. അഴിമതി സാധ്യതകളെല്ലാം അടച്ചാണ് തുറമുഖം സജ്ജമാക്കിയിരിക്കുന്നത്. ആദ്യം വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തത് അഴിമതിയുടെ വേദിയായി അത് മാറരുതെന്ന നിലപാട് എല്‍ഡിഎഫിന് ഉള്ളത് കൊണ്ടാണ്. ഇപ്പോള്‍ അത്തരം സാധ്യതകളില്ല. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും പിണറായി അഭിനന്ദിച്ചു. അദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യുഡിഎഫ് കാലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പിണറായി പരാമര്‍ശിച്ചില്ല. ഉമ്മന്‍ ചാണ്ടിയെ കുറിച്ചും പ്രസംഗത്തില്‍ യാതൊരു പരാമര്‍ശവുമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *