ദുബായ് :വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍ടിഎ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ മാനേജ്മെന്റുകളും എന്‍ടിഎക്ക് നിവേദനം നല്‍കിയിരുന്നു. ബഹ്റൈനില്‍ മനാമയിലാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. യുഎഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തര്‍ (ദോഹ), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഒമാന്‍ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.