രാജസ്ഥാനിൽ പോളിംഗ് അവസാനിച്ചു. ഇതുവരെ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് സൂചന. വൈകീട്ട് ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആറ് മണിക്ക് ആരെയും ബൂത്തിൽ കയറാൻ അനുവദിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പ്രവീൺ ഗുപ്ത പറഞ്ഞു. അതേസമയം ജയ്സാൽമീർ ജില്ലയിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 76.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗും ഇവിടെയാണ് രേഖപ്പെടുത്തിയത്. ധോൽപൂരിൽ 74.11 ശതമാനം, ജാൽവർ 73.37, പ്രതാപ്ഗഡ് 73.36, ബാരൺ 73.12 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം. പലിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 60.71 ശതമാനമാണ് പലിയിലെ പോളിംഗ്. സിരോഹി 63.62, ജലോരി 64.10, ജോധ്പൂർ 64.32, ഉദയ്പൂർ 64.98 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങൾ. മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ആൽവാറിലെ തിജാരയിലാണ്. 80.85 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. 57.81 ശതമാനം രേഖപ്പെടുത്തിയ പലിയിലെ സുമർപൂരാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം.