NATIONAL NEWS

”ഫോൺ എത്ര വേണമെങ്കിലും ചോർത്തിക്കൊളളൂ, ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല”, പ്രതികരിച്ച് രാഹുൽ ഗാന്ധി

പ്രതിപക്ഷ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗൗതം അദാനിയും സർക്കാരും തമ്മിലുളള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വെച്ചുളള നീക്കങ്ങളെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്നുളള മുന്നറിയിപ്പ് സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷത്തെ നിരവധി നേതാക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ഡിയോ, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, സുപ്രിയ ശ്രിനാതെ, ശശി തരൂർ, അടക്കമുളളവർക്കാണ് മുന്നറിയിപ്പ് സന്ദേശം തങ്ങളുടെ ഐഫോണിൽ ലഭിച്ചിരിക്കുന്നത്. ഈ നേതാക്കളെല്ലാം തന്നെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അദാനി വിഷയം ഉയർത്തിയിട്ടുളളവരാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇവരെ കൂടാതെ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി, എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി അടക്കമുളള പ്രതിപക്ഷ നേതാക്കൾക്കും ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നുളള സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും തങ്ങൾ മുട്ട് മടക്കില്ലെന്ന് രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞങ്ങൾ പോരാളികളാണ്. ഒരിക്കലും പിന്നോട്ട് പോകില്ല. നിങ്ങൾക്ക് എത്രവരെ ഫോൺ ചോർത്തണമോ അത് വരേയ്ക്കും ചെയ്തോളൂ. അതൊന്നും എനിക്കൊരു വിഷയമല്ല. ഇനി എന്റെ ഫോൺ തന്നെ വേണം എന്നാണെങ്കിൽ അതും നിങ്ങൾക്ക് തരാൻ ഒരുക്കമാണ്”, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുകളിൽ രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യനായി അദാനി മാറിയിരിക്കുകയാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”പത്രക്കാർ പറയുന്നത് പോലെ നമ്പർ വൺ മോദിയും നമ്പർ ടു അമിത് ഷായും ആയിരുന്നു. ഇപ്പോൾ നമ്പർ വൺ അദാനി, നമ്പർ ടു മോദി, നമ്പർ ത്രീ അമിത് ഷാ എന്ന നിലയ്ക്കാണ് റാങ്കിംഗ്. കൂട്ടിലടയ്ക്കപ്പെട്ട തത്തയ്ക്കുളളിൽ ആത്മാവ് അകപ്പെട്ട രാജാവിന്റെ കഥ പോലെയാണ് ഇവിടുത്തെ കാര്യങ്ങൾ. നരേന്ദ്ര മോദിയുടെ ആത്മാവാണ് അദാനി. മോദിയെ നമ്മൾ എത്ര തന്നെ വിമർശിച്ചാലും അതൊന്നും അദ്ദേഹത്തിന് ഏൽക്കില്ല. കാരണം അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരിടത്താണ്. അക്കാര്യം ഇപ്പോൾ നമുക്ക് മനസ്സിലായിരിക്കുന്നു”. പ്രധാനമന്ത്രി അദാനിയുടെ ശമ്പളക്കാരനാണ് എന്നും അദാനിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് എന്നും അധികം വൈകാതെ തന്നെ ജനം തിരിച്ചറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *