ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നെന്ന് അദ്ദേഹം വിമർശിച്ചു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ‘ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും ചോദ്യം ചെയ്യൽ തുടരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽവച്ചു. ഈ മാധ്യമത്തിന്റെ പ്രവർത്തനം തടയുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നു വളരെ വ്യക്തം. എന്തുകൊണ്ടാണ് ഇത്ര കടുത്ത നടപടികളെന്നതു സംബന്ധിച്ച് വിശദീകരണം ലഭ്യമല്ല. എഫ്ഐആർ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലായെന്നാണു ന്യൂസ് ക്ലിക്കിന്റെ പ്രസ്താവനയിൽ പറയുന്നത്. ചൈനയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നുവെന്നാണ് ആക്ഷേപമെന്നു കേൾക്കുന്നു. ഏത് റിപ്പോർട്ടാണു ചൈനീസ് പ്രൊപ്പഗണ്ടയെന്ന് അറിയില്ല. ഞങ്ങളെല്ലാം ന്യൂസ് ക്ലിക്ക് വായിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന കൃഷിക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കാനാണ്. അതല്ലെങ്കിൽ ലോക ഇടതുപക്ഷ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാനാണ്. കൂടാതെ ഇന്ത്യൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷ ലിബറൽ വിശകലനങ്ങൾ മനസിലാക്കാനാണ്. ഇതൊന്നും ചൈനീസ് പ്രൊപ്പഗണ്ട വിഭാഗത്തിൽപ്പെടില്ല. പറഞ്ഞുകേൾക്കുന്ന മറ്റൊരു ആക്ഷേപം വിദേശപണം നിയമവിരുദ്ധമായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തൂവെന്നുള്ളതാണ്. ഉണ്ടെങ്കിൽ അതിനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവ പരിശോധിച്ചു നടപടിയെടുക്കണം. യുഎപിഎ പ്രകാരം തടങ്കലിൽവയ്ക്കാൻ പ്രബീറും അമിതും മറ്റു ന്യൂസ് ക്ലിക്ക് പ്രവർത്തകരും ഭീകരവാദികളോ കൊള്ളക്കാരോ അല്ല. ഇവർ പണ്ഡിതരും സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരുമാണ്. അദാനിയെപ്പോലുള്ളവരുടെ കൊള്ള ദശാബ്ദങ്ങളായി വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പരഞ്ജോയ് ഗുഹ താകുർത്ത പോലുള്ളവർ ഉള്ളതാകാം ഇത്ര വിദ്വേഷപരമായ സമീപനത്തിനു കാരണം. ന്യൂസ് ക്ലിക്ക് ഇറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ രണ്ട് വർഷമായി ഇഡിയും ആദായനികുതി വകുപ്പും ഡൽഹി പൊലീസും നിരന്തരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ്. കമ്പനിയുടെ എല്ലാ ലാപ്ടോപ്പുകളും ഉപകരണങ്ങളും ഫോണുകളും അവർ മുൻപ് പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കണക്കുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. ഡയറക്ടർമാരെയും പത്രപ്രവർത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കേസുപോലും രജിസ്റ്റർ ചെയ്യുന്നതിനു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ന്യുയോർക്ക് ടൈംസിൽ വന്ന സംശയാസ്പദമായ ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിൽ വെളുപ്പാൻകാലത്ത് മുപ്പതിൽപ്പരം കേന്ദ്രങ്ങൾ ഒരുമിച്ച് റെയ്ഡ് ചെയ്യുന്നതും, ചോദ്യം ചെയ്യാൻ ആളുകളെ അറസ്റ്റ് ചെയ്യുന്നതും, സ്ഥാപനം അടച്ചുപൂട്ടിച്ചതും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത് ഏജൻസികൾ നിയമപരമായിട്ടാണു പ്രവർത്തിക്കുന്നതെന്നാണ്. എങ്കിൽ എന്തുകൊണ്ട് എഫ്ഐആറിന്റെ കോപ്പി നൽകുന്നില്ല? എന്തുകൊണ്ട് പിടിച്ചെടുക്കുന്ന ലാപ്ടോപ്പുകളുടെയും ഫോണുകളുടെയും മറ്റും സീഷോർ മെമ്മോ നൽകുന്നില്ല? അവയിലെ ഡാറ്റയുടെ ഹാഷ് വാല്യു നൽകുന്നില്ല? കൊറഗോൺ കേസിൽ ഫാദർ സ്റ്റാൻ സ്വാമിക്കും മറ്റും എതിരെ കൃത്രിമമായി ലാപ്ടോപ്പിൽ രേഖകൾ തിരുകികയറ്റിയ പ്രശസ്തി ഇന്നത്തെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഉള്ളതാണല്ലോ. 2023-ലെ ലോക മാധ്യമ സ്വാതന്ത്ര്യ റാംങ്കിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ്. മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 140-ാമത് ആയിരുന്നു. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണ്’
Related Articles
മധ്യപ്രദേശിൽ കോൺഗ്രസിന് 146 സീറ്റുകൾ വരെ ലഭിക്കും; ബിജെപിയെ ഞെട്ടിച്ച് സർവ്വേ ഫലം
ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് അഭിപ്രായ സർവ്വേ ഫലം. കോൺഗ്രസിന് കൂറ്റൻ വിജയം പ്രവചിക്കുന്ന സീ ന്യൂസ് ഫലമാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 146 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവ്വെ പ്രവചിക്കുന്നത്. ബിജെപി 84 മുതൽ 98 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. മറ്റ് പാർട്ടികൾക്ക് 5 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് 46 ശതമാനം വോട്ടുകളും ബി ജെ പിക്ക് 43 ശതമാനം വോട്ടുകളും സർവ്വേ […]
ഭാവിയുടെ വാഗ്ദാനങ്ങളായി 12 എഴുത്തുകാര്‍
ദില്ലി: രാജ്യത്തെ യുവതലമുറയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഡെയ്ലി ഹണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ #StoryForGlory (സ്റ്റോറി ഫോര്‍ ഗ്ലോറി) വന്‍ വിജയം. 12 പുതുതലമുറ എഴുത്തുകാരെയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കഠിനമായ പരിശീലനവും, സെലക്ഷന് പ്രക്രിയയും കടന്നാണ് ഇത്രയും പേരെ കണ്ടെത്തിയിരിക്കുന്നത്.
ബിജെപി സ്വയം കുഴിതോണ്ടിയെന്ന് വിജയശാന്തി; രാജിവയ്ക്കാൻ കാരണം വിശദീകരിച്ച് നടി
നടി വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം വിജയശാന്തി മാധ്യമങ്ങളോട് സംസാരിച്ചു. എന്താണ് ബിജെപി വിടാൻ കാരണമെന്ന് അവർ വിശദീകരിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ബിജെപിയിൽ ടിക്കറ്റ് കിട്ടാത്തത് കാരണമാണ് കളംമാറ്റമെന്ന് ആരോപണമുണ്ട്. എന്നാൽ ഇതെല്ലാം താരം തള്ളുന്നു. ബിജെപിയും തെലങ്കാന ഭരണകക്ഷിയായ ബിആർഎസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ച […]