DISTRICT NEWS

നാളെ പൊതുഅവധി; പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കാസർഗോഡ് ജില്ലാ കളക്ടർ

കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ജില്ലയിൽ നടക്കുന്നത്. അതിനിടെ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കാൻ പാടില്ല. വിഗ്രഹ നിമജ്ജനത്തിനു മുൻപായി വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റണം. ഇവ ജലസ്രോതസ്സുകളിലെത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇവ പ്രത്യേകം സൂക്ഷിച്ച് മാലിന്യ പ്രശ്‌നങ്ങൾ ഉണ്ടാകാതെ നിർമ്മാർജനം ചെയ്യണം. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങൾ അപകടകാരിയായ / മാരകമായ / വിഷലിപ്തമായ പെയിന്റുകൾ / ചായങ്ങൾ എന്നിവയാൽ നിറം നൽകിയവ ആകരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കുക. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ രൂപപ്പെടുന്ന കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയാഗിക്കാതിരിക്കുക. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലെന്നും ബോർഡ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *