KERALA NEWS

നിപ: ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി: 42 പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ വീണ്ടും ആശ്വാസ വാർത്ത. ഇന്ന് ലഭിച്ച 42 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. റീജിയണൽ വി ആർ ഡി ലാബിൽ ഇന്ന് ലഭിച്ചത് 54 സാമ്പിളുകളാണ്. പരിശോധന നടത്തിയ 20 സാമ്പിളുകളും നെഗറ്റീവ് ആണ്. ആകെ 136 സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവ് ആയത്. ജില്ലയിൽ നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,233 പേർ. ഇന്ന് 44 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയെന്നും വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്റർ സംവിധാനത്തിൽ നിന്ന് മാറ്റി. ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 110 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 407 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 435 പേരാണ് ഉള്ളത്. കോൾ സെന്ററിൽ ഇന്ന് 129 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 992 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇന്ന് 89 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 51 എണ്ണം ഒഴിവുണ്ട്. രണ്ട് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആറ് മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലായി 15 മുറികളും ഒൻപത് ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 11,959 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 34,167 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *