ഇന്ത്യയുടെ ആദ്യ സോളാർ സ്‌പേസ് ഒബ്‌സർവേറ്ററി ദൗത്യമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് 11.50 ന് പിഎസ്എൽവി സി57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എൽ-1 ന്റെ വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എൽ-1 ന്റെ ദൗത്യം. ആദിത്യയുടെ ആദ്യ നാല് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടതായും പേലോഡുകൾ വേർപെട്ടതായും ഐ എസ് ആർ ഒ അറിയിച്ചു. പി എസ് എൽ വിയിൽ നിന്ന് ബഹിരാകാശം വേർപെട്ടിട്ടുണ്ട്. നിലവിൽ ആദിത്യ എൽ-1 ലഗ്രാഞ്ച് പോയന്റിലേക്ക് സഞ്ചരിക്കുകയാണ്. ദൗത്യം വിജയകരമാണ് എന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ചന്ദ്രയാൻ -3 ന്റെ വിജയത്തിന് ശേഷം, ഇന്ത്യ അതിന്റെ ബഹിരാകാശ യാത്ര തുടരുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആദിത്യ – എൽ 1 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇസ്രോയിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ പി എസ് എൽ വി സി 57 ആദിത്യ എൽ1 ഉപഗ്രഹത്തെ എത്തിക്കും. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെ വെച്ച് ആദിത്യ പി എസ് എൽ വിയിൽ നിന്ന് വേർപെടും. 16 ദിവസം ഇവിടെ തുടരുന്ന ആദിത്യ എൽ-1 അഞ്ച് തവണയായി ഭ്രമണപഥം ഉയർത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കും. ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ- നെ ആദ്യമെത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലം വെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും. ഇതിന് ശേഷം ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്റിന് സമീപത്ത് എത്തിക്കും. ഇതായിരിക്കും ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടം എന്നാണ് ഐ എസ് ആർ ഒ കരുതുന്നത്. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 ലാണ് ആദിത്യ എൽ-1 സ്ഥാനമുറപ്പിക്കുക. സൂര്യന്റെ മിഴിവാർന്ന ചിത്രങ്ങൾ പകർത്താനും കൃത്യതയോടെ നിരീക്ഷിക്കാനും ഈ പോയന്റിൽ നിന്ന് കൊണ്ട് സാധിക്കും. അഞ്ച് വർഷവും എട്ട് മാസവുമാണ് ആദിത്യ ദൗത്യത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സൂര്യന്റേയും ഭൂമിയുടേയും ആകർഷണ വലയത്തിൽ പെടാത്ത ഹാലോ ഓർബിറ്റിലൂടെയായിരിക്കും ആദിത്യയുടെ സഞ്ചാരം. 1500 കിഗ്രാം ഭാരമുള്ള ആദിത്യ എൽ-1 ൽ ഏഴ് പേലോഡുകൾ ആണ് അടങ്ങിയിരിക്കുന്നത്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ്, ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നറ്റോ മീറ്റർ, സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ എന്നിവയാണ് ഏഴ് പേലോഡുകൾ
