കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട ചൊല്ലി കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്. വീട്ടിൽ വെച്ചായിരുന്നു പൊലീസ് ബഹുമതി നൽകിയത്. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങുകയായിരുന്നു. നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബറടക്കം നടന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധിപേർ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. ജൂലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് ന്യുമോണിയ ഉണ്ടായത്. തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് എക്സ്മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ചയോടെ അന്തരിച്ചു. സാജിദയാണ് ഭാര്യ, സുമയ്യ, സാറ, സുക്കൂൺ എന്നിവരാണ് മക്കൾ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്.
