KERALA NEWS

പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തണൽ; ഞായറാഴ്ചകളിൽ ഓടിയെത്താൻ ഇനി അവരുടെ കുഞ്ഞൂഞ്ഞ് ഇല്ല

കോട്ടയം: എത്ര തിരക്കിനിടയിലും എല്ലാ ഞായറാഴ്ചയും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്താറുണ്ടായിരുന്നു. 1980 ൽ തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്കാണത്. അവസാനനാൾ വരേയും അദ്ദേഹം ആ വാക്ക് പാലിച്ചു. ഏത് സമയത്തും തങ്ങളുടെ പരാതികൾ കേൾക്കാനും ആവശ്യങ്ങൾ അറിഞ്ഞ് ഒപ്പം നിൽക്കാനും ഉമ്മൻചാണ്ടി ഉണ്ടാകുമെന്നൊരു വിശ്വാസം പുതുപ്പള്ളിക്കാർക്കും ഉണ്ടായിരുന്നു. പുതുപ്പള്ളിയിലേക്ക് അദ്ദേഹം പുറപ്പെട്ടുവെന്ന് വിവരം ലഭിച്ചാൽ പിന്നെ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്തേക്ക് ജനങ്ങൾ ഒഴുകും. പുതുപ്പള്ളിയിൽ കാല് കുത്തിയാൽ അദ്ദേഹം സ്ഥിരമായി തുടർന്ന് പോകുന്ന ചില രീതികൾ ഉണ്ട്. ആദ്യം പുതുപ്പള്ളി പുണ്യാളന് മെഴുക് തിരി തെളിയിക്കും. പിന്നെ നേരെ വീട്ട് മുറ്റത്തേക്ക്. അപ്പോഴേക്കും വീടും പരിസരവും ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും. പിന്നീട് ജനങ്ങളുടെ പരാതി കേൾക്കലും നിവേദനം വാങ്ങലും കാര്യം നടന്നുവോയെന്ന് ആവർത്തിച്ച് തിരക്കലുമൊക്കെയായി തിരക്കോട് തിരക്ക്. എത്ര സമയം കഴിഞ്ഞാലും മുഷിപ്പോ മടുപ്പോ പ്രകടിപ്പിക്കാതെ ജനങ്ങളെ കേൾക്കും. ഇതിനിടയിൽ തന്നെ നൂറോളം ഫോൺ കോളുകൾക്കും അദ്ദേഹം മറുപടി പറയും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പുതുപ്പള്ളിക്കാർക്ക് വേണ്ടി അദ്ദേഹം എല്ലാ ഞായറാഴ്ചയും ഓടിയെത്തി. അവരിലൊരാളായി, അവർക്ക് വേണ്ടി തന്റെ ശാരീരിക അവശതകൾ പോലും മറന്ന് അദ്ദേഹം ഒപ്പമുണ്ടായി. പുതുപ്പള്ളിയെന്നത് തന്റെ കുടുംബമാണെന്ന് അദ്ദേഹം പറയുമായിരുന്നു. പുതുപ്പള്ളിക്കാർ കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും അതുപോലെ തിരിച്ച് കാണിക്കാൻ കഴിയാത്തതാണ് തന്റെ സങ്കടമെന്നാണ് ഉമ്മൻചാണ്ടി പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നും പുതുപ്പള്ളിയെ അദ്ദേഹം തന്റെ നെഞ്ചോട് ചേർത്തു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് വീട് വെച്ചപ്പോഴും ‘പുതുപ്പള്ളി ഹൗസ്’ എന്ന് പേര് നൽകാൻ അദ്ദേഹത്തിന് രണ്ടാതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കൽ പോലും പുതുപ്പള്ളി വിട്ടൊരു ജീവിതം ഉമ്മൻചാണ്ടിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. മുൻപ് ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ ഹൈക്കമാൻറ് ക്ഷണിച്ചപ്പോൾ അദ്ദേഹം സ്‌നേഹത്തോടെ ആ ക്ഷണം നിരസിച്ചു, തനിക്ക് തന്റെ നാടും ജനങ്ങളും മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിക്കാൻ മുൻപ് കോൺഗ്രസിൽ ഒരു ചർച്ച നടന്നിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ പുതുപ്പള്ളിക്കാർ ഒന്നടങ്കം രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ വീടിന് മുൻപിൽ ആത്മഹത്യ ഭീഷണി വരെ ജനങ്ങൾ മുഴക്കി. ഇതോടെ നീക്കത്തിൽ നിന്നും നേതൃത്വം പിന്തിരിഞ്ഞു. അത്രമേൽ ‘കുഞ്ഞൂഞ്ഞ്’ പുതുപ്പള്ളിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *