ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച് നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാനയിലെ കർഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയിൽ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ആശങ്കപ്പെടേണ്ട, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരും ഖാപ്പ് പഞ്ചായത്തുകളും ഗുസ്തി താരങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും നൽകും’- രാകേഷ് ടിക്കായത്ത് പറഞ്ഞു.
കേന്ദ്ര സർക്കാർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ മനസിലാക്കണം. ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബം അവർ തകർത്തു. അവർ മുലായം സിംഗ് യാദവിന്റെ കുടുംബത്തോട് എന്താണ് ചെയ്തതെന്ന് നിങ്ങൾ കാണണം. സമാനമായ കാര്യങ്ങളാണ് രാജസ്ഥാനിലും നടക്കുന്നത്- രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച ഗുസ്തിതാരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് ഇടപെട്ടിരുന്നു. നിരവധി താരങ്ങൾക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹരിദ്വാറിലെത്തി മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചത്. എന്നാൽ രാകേഷ് ടിക്കായത്ത് അടക്കമുള്ള കർഷക നേതാക്കൾ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.