പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 450 ആയിരുന്ന വേതനം 550 രൂപയായി വർധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയിൽ 200 പേരേയും നിലയ്ക്കലിൽ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയിൽ 20 പേരേയും നിയോഗിക്കും. ശബരിമല മണ്ഡല മകരവിളക്ക് കാലഘട്ടത്തിൽ 500 റവന്യു ഉദ്യോഗസ്ഥരെ വിവിധ ഘട്ടങ്ങളിലായി നിയമിക്കും. പ്രത്യേക ശബരിമല എഡിഎമ്മിനേയും, മൂന്നു ഡെപ്യൂട്ടി കളക്ടർമാർ, മൂന്നു തഹസീൽദാർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരേയും നിയോഗിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കും. ശബരിമലയിലേക്ക് കടന്നു വരുന്ന വഴികളിലെ കടവുകൾ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങളൊരുക്കും. കടവുകളുള്ള പഞ്ചായത്തുകളിലെ ഡിസാസ്റ്റർ പ്ലാനുകൾ പരിശോധിച്ചുറപ്പുവരുത്തും. മുന്നറിയിപ്പു ബോർഡുകൾ കൃത്യമായി സ്ഥാപിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കും. ദുരന്തനിവാരണ സുരക്ഷായാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
