വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ കോടമഞ്ഞു, ഇടയ്‌ക്കൊരു ചാറ്റൽ മഴയും അതാണ് മൂന്നാർ..യാത്രാ പ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമല്ലേ? എന്നാൽ തയ്യാറായിക്കോളൂ, പറയുന്നത് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ്. കുറഞ്ഞ ചെലവിൽ രണ്ട് ദിവസത്തെ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ്. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനൽക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാർ. പുൽമേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. മലപ്പുറം ഡിപ്പോയിൽ നിന്നും എല്ലാ ശനിയാഴ്ചയും രാവിലെ നാല് മണിക്കാണ് യാത്ര പുറപ്പെടുക. ഒന്നാം ദിവസം തട്ടേക്കാട്, കുട്ടമ്പുഴ,മാമലക്കണ്ടം,കൊരങ്ങാടി, മാങ്കുളം,ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ്, വഴിയാണ് മൂന്നാറിലേക്ക് എത്തുക. അന്ന് രാത്രി കെ എസ് ആർ ടി സിയുടെ സ്ലീപ്പർ ബസിലാണ് താമസ സൗകര്യം. രണ്ടാം ദിവസം പ്രഭാത ഭക്ഷണവും കഴിച്ച് രാവിലെ 9 മണിയോടെ യാത്ര തുടങ്ങും. ആദ്യം പോകുക ടീ മ്യൂസിയത്തിലേക്കാണ്. 100 രൂപയാണ് ഇവിടേക്കുള്ള ടിക്കറ്റ് ഫീ. അതുകഴിഞ്ഞ് നേരെ മാട്ടുപെട്ടി ഡാമിലേക്ക്. മൂന്നാറിനു സമീപം തമിഴ്നാട് അതിർത്തിയോടുചേർന്ന് കിടക്കുന്ന ഉയർന്ന കുന്നുംപ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഡാം കൂടിയാണ് മാട്ടുപ്പെട്ടി ഡാം.ഇവിടെ നിന്ന് മൂന്നാറിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിലേക്ക്. ഫോറെസ്റ്റ് ഫ്‌ലവർ ഗാർഡൻ,ഗവണ്മെന്റ് ബോട്ടാണി ക്കൽ ഗാർഡൻ, സിഗ്‌നൽ പോയിന്റ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്,ഗ്യാപ് റോഡ് വ്യൂ,മലൈകല്ലൻ കേവ്, പെരിയ കനാൽ വാട്ടർ ഫാൾസ്, ഓറഞ്ച് ഫാം,ആനയിറങ്ങൽഡാം വ്യൂ എന്നിവയാണ് അന്ന് പോകുന്ന മറ്റ് സ്ഥലങ്ങൾ. തുടർന്ന് തിങ്കളാഴ്ച പുലർച്ചയോടെ വണ്ടി മലപ്പുറത്ത് തിരിച്ചെത്തും. പോയി വരാനുള്ള ബസ് ചാർജ് , രാത്രിയിലെ താമസത്തിന്റെ ചാർജ് , രണ്ടു ദിവസത്തെയും സൈറ്റ് സീയിംങ് ചാർജും ഉൾപ്പെടെ ഒരാളിൽ നിന്നും 1430/- രൂപയാണ് (ഭക്ഷണവും, എൻട്രി ഫീസും ഉൾപ്പെടില്ല) ചാർജ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446389823,9995726885 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
