പാണത്തൂര്‍: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കല്ലപ്പള്ളി കമ്മാടി പത്തുകുടിയിലെ 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സമീപത്തെ തോട്ടില്‍ വലിയ ശബ്ദത്തോടു കൂടി മഴവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും, പ്രദേശത്തെ പ്രവീണിന്റെ വീടിന് സമീപമുള്ള ഷെഡ് മണ്ണിടിഞ്ഞ് വീണ് തകരുകയും ചെയ്തപ്പോള്‍ ഈ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ രാജപുരം സി.ഐ, ജനമൈത്രി പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍,പനത്തടി വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകട ഭീക്ഷണി ഒഴിയുന്നത് വരെ ഇവര്‍ ബന്ധുവീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചില്‍ ഭീക്ഷണിയുടെ പശ്ചാത്തലത്തില്‍ ഈ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവര്‍ താമസിക്കുന്ന പ്രദേശം മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശമായതിനാല്‍ ഇവരെ കല്ലപ്പള്ളി ബട്ടോളി എന്ന സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനായി ഗവണ്മെന്റ് ഈ 10 കുടുംബങ്ങള്‍ക്ക് 7 സെന്റ് ഭൂമിയും, വീടും അനുവദിച്ചിരുന്നു. ഇവിടെ ഇവര്‍ക്കുള്ള വീടിന്റെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയാണ്.
