KERALA NEWS

വയനാട്ടില്‍ അതിതീവ്ര മഴ, അപകട സാധ്യതാ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 245 ആയി ഉയര്‍ന്നു അ

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വയനാട് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ. ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവരും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പ്പൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ദുരന്തമേഖലയില്‍ ആംബുന്‍സുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ആംബുലന്‍സുകള്‍ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് കളക്ടര്‍ വിശദീകരിച്ചു. 25 ആംബുലന്‍സുകള്‍ മതിയെന്നും കളക്ടര്‍. സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് അടക്കം തടസ്സമാകുന്നുണ്ട്. മുണ്ടക്കൈയില്‍ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ചൂരല്‍മലയില്‍ ഇപ്പോഴും തുടരുന്നുണ്ട്. അതേസമയം ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിയിട്ടുണ്ട്. നാളെ രാവിലെ പുനരാരംഭിക്കും. മലപ്പുറം വാഴക്കാട് മണന്തല കടവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ബെയ്ലി പാലം നിര്‍മാണം രാത്രിയിലും തുടരുകയാണ്. കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ഇവ പൂര്‍ത്തിയാക്കൂ. എങ്കില്‍ മാത്രമേ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തി രക്ഷാപ്രവര്‍ത്തം ഊര്‍ജിതമാക്കാന്‍ സാധിക്കൂ. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 245 ആയി ഉയര്‍ന്നു. ഇന്ന് 94 മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്ന് മൃതദേഹങ്ങളുമായി എത്തിയ ആംബുലന്‍സുകള്‍ മേപ്പാടി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുണ്ടക്കൈയില്‍ നേരത്തെ രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങളൊന്നും മുഴുവനായും മാറ്റാനായിരുന്നില്ല. നിലവില്‍ കനത്ത മഴയില്‍ മുണ്ടക്കൈയ്യിലേക്കുള്ള താല്‍ക്കാലിക പാലവും മുങ്ങിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *