പാണത്തൂർ :കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഭരണ പക്ഷത്തെ ചില അംഗങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂപക്ഷ വിമർശനവുമായി പ്രതിപക്ഷ നിര. പനത്തടി ഗ്രാമപഞ്ചായത്തിൽ ഇന്നു നടന്ന ഭരണസമിതി യോഗത്തിലാണ് ഈ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിലെ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ് ,ബി ജെ പിയിലെ വേണുഗേപാലൻ എന്നിവർ രൂക്ഷമായ ആരോപണം ഉന്നയിച്ചത്.
പഞ്ചായത്തിന്റെ പ്രവർത്തികൾ ഏറ്റെടുക്കുന്ന റെജി എന്ന കരാറുകാരൻ പ്രവർത്തികൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ പഞ്ചായത്തിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നുവെന്നും ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൽപ്പെടുത്തണമെന്നും കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഭരണസമിതി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് കരാറുകാരന് നോട്ടീസ് നൽകി. ഇതിനിടയിൽ കരാറുകാരൻ നേരിട്ടെത്തി ചില ഭരണപക്ഷ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കണ്ടു. തുടർന്ന് പ്രവർത്തി നടത്താൻ ഇതേ കരാറുകാരന് ഭരണ പക്ഷ അംഗങ്ങളിൽ ചിലർ അനുവാദം നൽകുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ കരാറുകാരൻ പഞ്ചായത്തംഗങ്ങളിൽ ചിലരെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുന്നതായി പ്രതിപക്ഷ അംഗം കെ.ജെ ജെയിംസ് ആരോപിച്ചു. ഈ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്താൻ ഭരണസമിതി തീരുമാനം നിലനിൽക്കെ ഭരണപക്ഷത്തെ ചില അംഗങ്ങളുടെ നടപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
ഭരണ കക്ഷിയിലെ വൈസ് പ്രസിഡന്റ്ുകൂടിയായ പി എം കുര്യാക്കോസ് ഭരണസമിതി എടുത്ത തീരുമാനം മറികടന്ന് നടത്തിയ നീക്കങ്ങളെ വിമർശിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായി. കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്താൻ ഭരണസമിതി എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടത് അദ്ദേഹം അറിഞ്ഞിരുന്നില്ലേയെന്നും സംശയമുണ്ട്. പാണത്തൂർ-മൈലാട്ടി റോഡിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഭരണസമിതി കരാറുകാരനെതിരെ തിരിഞ്ഞത്. ഈ റോഡിന്റെ വികസനത്തിനായി 2021-22 സാമ്പത്തിക വർഷത്തിൽ 6 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടത്തിയിരുന്നു. എന്നാൽ കരാറുകാരൻ പണി പൂർത്തിയാക്കിയില്ല. ഈ പണം ലാപ്‌സായി. വീണ്ടും 2022-23 വർഷത്തിലും ഇത്രതന്നെ തുക വകയിരുത്തി ഇതേ കരാരുകാരൻ തന്നെ പ്രവർത്തി ഏറ്റെടുത്തെങ്കിലും പഴയ നില തുടർന്നു. വീണ്ടും പണം നഷ്ടമായി. ഇത്തരത്തിൽ പല പദ്ധതികളും സമയത്ത് പൂർത്തിയാക്കാതെ പഞ്ചായത്തിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഈ കരാറുകാരനെ ബ്ലോക്ക് ലിസ്റ്റിൽപ്പെടുത്താൻ നടപടികൾക്കായി ഭരണസമിതി യോഗം തീരുമാനമെടുത്തതെന്ന് ഭരണസമിതി അംഗങ്ങൾ ചൂണ്ടാക്കാട്ടി. ചാമുണ്ടിക്കുന്ന്- കിഴക്കേതുമ്പോടി റോഡ് വികസനവും ഇതേ കരാറുകാരനാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതും നടപ്പാക്കിയിട്ടില്ല.3 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുളളത്.
നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കരാറുകാരൻ നേരിട്ടെത്തി പ്രവർത്തി പൂർത്തിയാക്കിത്തരാമെന്നറിയിച്ചപ്പോൾ പദ്ധതി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി അനുവദിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പ്രസന്ന പ്രസാദ് ് വിശദീകരിച്ചു. ഇതേ തുടർന്ന് കരാറുകാരനെതിരെയുളള ഭരണസമിതി തീരുമാനം രേഖയിലുണ്ടാകണമെന്നും തല്ക്കാലം വിഷയം അവസാനിപ്പികയാണെന്നും ഈ വിഷയത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ അംഗം കെ.ജെ ജെയിംസ് അറിയിച്ചതോടെ ഈ വിഷയത്തിലുളള ചർച്ച അവസാനിപ്പിക്കുകയായിരുന്നു.