ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മാറിയതോടെ ജെഡിഎസിന് കടുത്ത മുന്നറിയിപ്പ് നൽകി സിപിഎം. എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാനും ജെഡിഎസിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് നേതാക്കൾ ഡൽഹിയിൽ എത്തി ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി മാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസ് നീക്കം. കർണാടകത്തിലെ നിലനിൽപിന് വേണ്ടിയുളള തീരുമാനമാണെന്നും കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നുമാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എൻഡിഎയുടെ ഭാഗമായിട്ടുളള പാർട്ടി ഭരണമുന്നണിയിൽ തുടരുന്നു എന്നത് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകും എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എൻഡിഎ-എൽഡിഎഫ് സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന ആക്ഷേപം ഇതിനകം തന്നെ പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു. ജെഡിഎസ് ആർക്കൊപ്പമെന്ന് പരസ്യ നിലപാട് വ്യക്തമാക്കാതിരുന്നാൽ പ്രതിപക്ഷ ആക്രമണം ശക്തമായി തുടരും. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ജെഡിഎസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ജെഡിഎസ് കേരള ഘടകം ബിജെപിക്കൊപ്പം ചേരില്ലെന്ന് മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും അടക്കമുളള നേതാക്കൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയോട് ആശയപരമായി യോജിക്കാൻ സാധിക്കില്ലെന്നും തങ്ങൾ നെഹ്റുവിന്റെയും ലോഹ്യയുടേയും അനുയായികൾ ആണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഒക്ടോബർ 7ന് ചേരുന്ന യോഗത്തിൽ ജെഡിഎസ് നിലപാട് തീരുമാനിക്കും. യോഗത്തിന് മുൻപായി ദേശീയ അധ്യക്ഷൻ ദേവഗൗഡയുമായി കേരള നേതാക്കൾ ചർച്ച നടത്തുമെന്നുമറിയുന്നു.