വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 83 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം.
ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്താനായിട്ടില്ല. അത്യാവശ്യമായ ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഉപകരണങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ സൗകര്യമില്ലാത്തതും പ്രതിസന്ധിയാവുന്നു.
മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഇല്ലാതായി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.