NATIONAL NEWS

ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻമാറി ഗുസ്തി താരങ്ങൾ

ഡൽഹി : മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻമാറി ഗുസ്തി താരങ്ങൾ. കർഷക നേതാക്കൾ അനുനയിപ്പിച്ചതോടെയാണ് താരങ്ങളുടെ പിൻമാറ്റം. അഞ്ച് ദിവസം കൂടി കേന്ദ്രസർക്കാരിന് സമയം അനുവദിക്കുകയാണെന്നും അതുവരെ മെഡലുകൾ ഗംഗയിൽ ഒഴുക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കി. ബ്രിജ് ഭൂഷണിനെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
മെഡലുകൾ ഹരിദ്വാറിൽ ഒഴുക്കുന്നതിനായി ഇന്ന് വൈകീട്ടോടെയാണ് താരങ്ങൾ ഹരിദ്വാറിൽ എത്തിയത്. ഏറെ വൈകാരികമായി മെഡലുകൾ നെഞ്ചോട് ചേർത്ത് കരഞ്ഞ് കൊണ്ടായിരുന്നു ഹരിദ്വാറിൽ താരങ്ങൾ നിന്നത്. താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് വൻ ജനാവലിയും ഹരിദ്വാറിൽ തടിച്ച് കൂടിയിരുന്നു. എന്നാൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുന്ന നടപടിയിൽ നിന്നും താരങ്ങൾ പിൻമാറണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു. കർഷക സംഘടന നേതാക്കളും താരങ്ങളെ അനുനയിപ്പിക്കാൻ ഹരിദ്വാറിൽ എത്തിയിരുന്നു.
കർഷക സംഘടന നേതാവ് രാകേഷ് തികായത്ത് ഉൾപ്പെടെയുള്ളവരായിരുന്നു താരങ്ങളെ അനുനയിപ്പിക്കാൻ എത്തിയത്. തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.ഇവരിൽ നിന്നും മെഡലുകളും നേതാക്കൾ വാങ്ങി വെച്ചു. ഇതിന് പിന്നാലെയാണ് താരങ്ങൾ വഴങ്ങിയത്. ഗംഗാ ഘട്ടിൽ നിന്നും സംഘടന നേതാക്കൾക്കൊപ്പം താരങ്ങൾ മടങ്ങുകയും ചെയ്തു.
അതേസമയം ഗുസ്തി താരങ്ങൾക്ക് പിന്തുണ അർപ്പിച്ച് കൂടുതൽ പേർ രംഗത്തെത്തി. മുൻ ക്രിക്കറ്റർ അനിൽ കുംബ്ല അടക്കമുള്ളവരാണ് ഐക്യദാർഢ്യമറിയിച്ചത്. ഗുസ്തിക്കാർക്കെതിരായ പോലീസ് നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. ചർച്ചകളിലൂടെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാം. എത്രയും പെട്ടെന്ന് വിഷയത്തിൽ പരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. കടുത്ത പ്രതിഷേധം താരങ്ങൾ ഉയർത്തിയിട്ടും സമരത്തോട് പ്രതികരിക്കാൻ കേന്ദ്രസർക്കാർ ഇതുവരേയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിക്കുകയാണ് ഗുസ്തി താരങ്ങൾ. നടപടിയുണ്ടാകുന്നത് വരെ ഇന്ത്യാ ഗേറ്റിൽ സമരം ഇരിക്കുമെന്നും താരങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കിയത്. ഇന്ത്യാ ഗേറ്റ് ഒരു പ്രതിഷേധ സ്ഥലമല്ല, അവിടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം അനുവദിക്കില്ല എന്നായിരുന്നു ഡൽഹി പോലീസ് കമ്മീഷ്ണർ സുമൻ നാൽവ പറഞ്ഞത്. മറ്റേതെങ്കിലും സ്ഥലത്ത് പ്രതിഷേധിക്കാനും ഗുസ്തി തരാങ്ങൾക്ക് അനുമതി തേടേണ്ടി വരുമെന്നും നാൽവ വ്യക്തമാക്കിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *