NATIONAL NEWS

തെലങ്കാന ഉറപ്പിക്കാൻ കോൺഗ്രസിന്റെ അവസാന പ്ലാൻ

തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമോ? നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്ത്. എന്നാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവർ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേർന്നുള്ള പ്രചാരണം വലിയ രീതിയിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നിലവിൽ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ബിആർഎസ്സിനും കോൺഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോൺഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ നടത്തിയ പ്രചാരണമാണ്. ഇന്ദിരാമ്മ രാജ്യം എന്ന കോൺഗ്രസ് തന്ത്രത്തിനാണ് അവസാന ഘട്ടത്തിൽ തെലങ്കാന സാക്ഷ്യം വഹിച്ചത്. പ്രിയങ്ക ഗാന്ധിയും, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമെല്ലാം ഈ തന്ത്രമാണ് പുറത്തെടുത്തത്. ഇതിന് പ്രധാന കാരണം മറ്റൊന്നാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ ഇന്ദിരാ ഗാന്ധി മത്സരിച്ചത് റായ്ബറേലിയിലായിരുന്നു. തുടർന്ന് അവർ കോൺഗ്രസ് ഐ രൂപീകരിച്ചു. അന്ന് രണ്ടാമതൊരു മണ്ഡലത്തിൽ നിന്നും ഇന്ദിര മത്സരിച്ചിരുന്നു. തെലങ്കാനയിലെ മേദക്കിൽ നിന്നായിരുന്നു ആ മത്സരം. 1980ൽ വൻ മാർജിനിലായിരുന്നു മേദക്കിൽ നിന്ന് അവർ വിജയിച്ചത്.
1984ൽ ഇന്ദിര കൊല്ലപ്പെടുമ്പോൾ മേദക്കിൽ നിന്നുള്ള എംപിയായിരുന്നു അവർ. എന്നാൽ കോൺഗ്രസിന് 1999 മുതൽ ഈ മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. അത്രയ്ക്കും വലിയ ശക്തി കേന്ദ്രമാണ് കോൺഗ്രസിനെ കൈവിട്ടത്. പിന്നീട് തെലങ്കാന രൂപീകരിച്ചത് മുതൽ കെസിആറിന്റെ ബിആർഎസ്സാണ് ഇവിടെ വിജയിക്കുന്നത്. ഇന്ദിരമ്മ രാജ്യം എന്ന പ്രചാരണം കോൺഗ്രസ് ആരംഭിച്ചത് ശരിക്കും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പിന്നീടുള്ള പ്രചാരണത്തിലെല്ലാം ഇന്ദിരയെയും കോൺഗ്രസിനെയും മാത്രമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. പട്ടിണിയും, പട്ടിണി മരണങ്ങളും, നക്സലൈറ്റ് പോരാട്ടവും, ഏറ്റുമുട്ടലുകളും മാത്രമാണ് ഇന്ദിരയുടെ ഭരണത്തിൽ നടന്നിട്ടുള്ളതെന്ന് കെസിആർ ആരോപിക്കുന്നു. കെസിആറിന്റെ വാക്കുകളിലെല്ലാം ആശങ്ക പ്രകടമായിരുന്നു. ഇന്ദിരാമ്മ രാജ്യം എന്നതിന് നീതിയുടെയും, ക്ഷേമ പ്രവർത്തനങ്ങളുടെയും, വികസനത്തിന്റെയും ഭരണമാണെന്ന് മല്ലികാർജുൻ ഖാർഗെ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് നാഗാർജുന സാഗർ ഡാം പണിതത്. തെലങ്കാനയിലെ കർഷകർക്ക് അവരുടെ ഭൂമിയിൽ ജലമെത്തിയത് ഇന്ദിരാ ഗാന്ധിയുടെ സഹായം കൊണ്ടാണെന്നും ഖാർഗെ പറയുന്നു. നാഗാർജുന സാഗർ ഡാമില്ലായിരുന്നെങ്കിൽ തെലങ്കാന ഇന്ത്യയുടെ കർഷക ഭൂമിയായി മാറില്ലെന്നും, ഇവിടെ നെല്ല് വിളയുമായിരുന്നില്ലെന്നും ഖാർഗെ പറഞ്ഞു. നിങ്ങളെന്നെ ഇന്ദിരാമ്മയെന്ന് വിളിച്ചു. ഒരിക്കലും ഞാൻ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. എന്നെ വിശ്വസിക്കണം. കോൺഗ്രസിന് വോട്ട് ചെയ്താൽ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *