സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന് പുറമെ, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറ് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. പലയിടത്തും മത്സര ഫലം ഭരണത്തെ നിര്‍ണ്ണയിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി ഡിവിഷനില്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടും. ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 53 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ ഡി എഫിലെ സി പി ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 13 വാര്‍ഡുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ യു ഡി എഫിന് 6 സീറ്റുകളാണുള്ളത്. എല്‍ ഡി എഫ് പക്ഷത്ത് പ്രസിഡന്റ് അയോഗ്യയായതോടെ അംഗങ്ങളുടെ എണ്ണം അഞ്ചായി. പ്രസിഡന്റ് രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കിയതോടെ ഇടതിന്റെ അംഗബലം അഞ്ചായി ചുരുങ്ങിയത്. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കുകയാണെങ്കില്‍ ഭരണം അവര്‍ക്ക് ലഭിക്കും. എല്‍ ഡി എഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരും.
