DISTRICT NEWS

എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർവീണ്ടും സമരത്തിന്; ‘അവരെയും പട്ടികയിൽ പെടുത്തണം

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വീണ്ടും സമരം തുടങ്ങും. ഈ മാസം 30 ന് രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമരപ്രഖ്യാപനം നടത്തുമെന്നും ദുരിതബാധിതരുടെ അമ്മമാർ അറിയിച്ചു
2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്ന് ചുമതല നിർവഹിച്ചിരുന്ന ഡെപ്യൂട്ടി കളക്ടർ അറിയിച്ചിരുന്നു
എന്നാൽ മന്ത്രി ചെയർമാനും കളക്ടർ കൺവീനറുമായുള്ള സെല്ലിൽ ലിസ്റ്റ് അവതരിപ്പിക്കുമ്പോൾ ഇത് 1095 എന്ന് ചുരുക്കിയെന്നുമാണ് അമ്മമാർ പറയുന്നത്
വസ്തുത ബോദ്ധ്യപ്പെട്ടിട്ടും ചില സമ്മർദ്ദങ്ങൾ മൂലം ഡെപ്യൂട്ടി കളക്ടർക്ക് പട്ടിക മാറ്റേണ്ടിവന്നുവെന്നാണ് അമ്മമാരുടെ ആരോപണം
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ശക്തമായ സമരം നടന്നപ്പോൾ മുൻ മന്ത്രി ബിനോയ് വിശ്വം, അന്നത്തെ മന്ത്രി ഇ
ചന്ദശേഖരൻ എന്നിവർ കാസർകോട്ട് വച്ച് പ്രശ്നം ചർച്ച ചെയ്തു തീർക്കാമെന്ന് ഉറപ്പ് നൽകിയതാണ്
എന്നിട്ടും തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് സെൽ യോഗത്തിനിടെ അമ്മമാർ പ്രതിഷേധവുമായി മന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പട്ടിക പുനഃപരിശോധിച്ച് 76 പേരെ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു
അപ്പോഴും 1542 പേർ പട്ടികയ്ക്ക് പുറത്ത് തന്നെയായിരുന്നു. 2019 ജനുവരിയിൽ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 18 വയസിന് താഴെയുള്ള കുട്ടികളെ പട്ടികയിൽ ഉൾപ്പെടുത്താനും ശേഷിക്കുന്നവരുടെ മെഡിക്കൽ റെക്കോർഡ് പരിശോധിച്ച് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.
ഇതിലൂടെ 511 കുട്ടികളെ കൂടി ഉൾപെടുത്തി. എന്നാൽ 1032 പേരുടെ കാരുണ്യത്തിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടായില്ല. ഇതോടെയാണ് വീണ്ടും സമരത്തിറങ്ങാൻ തീരുമാനിച്ചതെന്ന് അമ്മമാർ പറയുന്നു. ഇവരെല്ലാം ആദ്യലിസ്റ്റിൽ ഉൾപെട്ട് ചികിത്സ ലഭിച്ചവരാണെന്ന് പി.ഷൈനി,അജിത പിലിക്കോട്, ഗീത ചെമ്മനാട്, ഹവ്വമ്മ മഞ്ചേശ്വരം, പ്രമീള ചന്ദ്രൻ എന്നിവർ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *