KERALA NEWS

തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ മാസം 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത്.
പുതിയ ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിനെയും ചീഫ് സെക്രട്ടറിയായി വി വേണുവിനെയും നിയമിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി നൽകാനും തീരുമാനിച്ചു. മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ ഇവയാണ്.

സ്‌കൂളുകളിൽ 6043 അധിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. 2326 സ്‌കൂളുകളിലാണ് തസ്തിക സൃഷ്ടിക്കുക. 2022 ഒക്ടോബർ 1 മുതൽ പ്രാബല്യമുണ്ടാകും. സർക്കാർ മേഖലയിലെ 1114 സ്‌കൂളുകളിൽ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിൽ നിന്നായി 2942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. ഇതിന്റെ ഭാഗമായി പ്രതിവർഷം 58,99,93,200 രൂപയുടെ സാമ്പത്തിക ബാധ്യത വരും. ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആറിലെ വ്യവസ്ഥകൾ പ്രകാരം പുനർവിന്യസിക്കുകയും സർക്കാർ മേഖലയിൽ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി

വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ/ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി. ഗസറ്റഡ് ഉദ്യോഗസ്ഥൻ/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്താൻ 2021ൽ അനുമതി നൽകിയിരുന്നു. അതിൽ ഏതെങ്കിലും നിയമത്തിൽ, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

Leave a Reply

Your email address will not be published. Required fields are marked *