കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിനെതിരെ വിനായകൻ അസഭ്യ വർഷം നടത്തിയെന്നും ആക്ഷേപമുണ്ട്്. അറസ്റ്റ് ചെയ്തതിന് ശേഷം താരത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിനായകൻ പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അന്ന് താരത്തിനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് ലൈവായിരുന്നു കേസിന് ആധാരം.
