ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ഇന്ത്യ മുഖ്യമായും ആശ്രയിക്കുന്നത് എണ്ണയ്ക്ക് വേണ്ടി തന്നെയാണ്. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, നിലവിൽ ഒട്ടേറെ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദി ഇപ്പോൾ മൂന്നാംസ്ഥാനത്താണെന്ന് മാത്രം. സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഇന്ത്യ, സൗദി അറേബ്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാൻ പോകുകയാണ്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും നേതാക്കൾ ധാരണയിലെത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ മേഖലയിലാണ് ഇന്ത്യയും സൗദിയും നോട്ടമിടുന്നത്. പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും സൗദി ലക്ഷ്യമിടുന്നു. 100 കോടിയിലധികം ഡോളർ ഊർജ ആവശ്യങ്ങൾക്കായി സൗദി അറേബ്യ നീക്കി വയ്ക്കുകയാണ്. ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിന് പുറമെ വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് നേട്ടം കൊയ്യാനും സൗദി പദ്ധതി ഒരുക്കിയിട്ടുണ്ട്. 60 മുതൽ 80 വരെ ഗിഗാ വാട്ട് വൈദ്യുതി നിലയങ്ങളാണ് സൗദി നിർമിക്കാൻ പോകുന്നത്. വൈദ്യുതി ഉൽപ്പാദനത്തിന് വേണ്ടി പുനരുപയോഗ വിഭവങ്ങളാണ് സൗദി ആശ്രയിക്കുക എന്ന് റിയാദിലെ എസിഡബ്ല്യുഎ പവർ കമ്പനി മേധാവി മാർക്കോ അർസെലി പറഞ്ഞു. കാറ്റ്, സൂര്യൻ എന്നിവയെ ആശ്രയിച്ചാകും വൈദ്യുതി ഉൽപ്പാദനം. കൂടാതെ പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന 30 ഗിഗാവാട്ട് നിലയങ്ങളും സ്ഥാപിക്കും. സ്വന്തം രാജ്യത്തിന് പുറമെ ചൈനയിലും മധ്യേഷ്യയിലും നിലയങ്ങൾ സ്ഥാപിക്കാനാണ് സൗദി അറേബ്യയുടെ പദ്ധതി. വിദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സൗദിയിലേക്ക് എത്തിക്കും. വരും വർഷങ്ങളിൽ വൈദ്യുതി കൂടുതലായി ആവശ്യം വരുമെന്ന് സൗദി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുമായി ധാരണയായിരിക്കുന്നത്. പ്രകൃതിക്ക് ദോഷം വരാത്ത മാർഗങ്ങളെ കൂടുതലായി ആശ്രയിക്കാനാണ് സൗദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഹരിത ഹൈഡ്രജൻ നിലയങ്ങൾ സ്ഥാപിക്കുന്നത്. നിയോം സിറ്റിയിൽ 850 കോടി ഡോളറിന്റെ നിലയവും പദ്ധതിയിലുണ്ട്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ മേഖലയിൽ വലിയ നിക്ഷേപമാണ് സൗദി നടത്തുക. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കടലിലൂടെ സ്ഥാപിക്കുന്ന കേബിളുകൾ വഴി സൗദിയിലെത്തിക്കുന്ന പദ്ധതിയാണ് കഴിഞ്ഞ മാസം ധാരണയായത്. ഊർജ മന്ത്രി ആർകെ സിങും സൗദി മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലുസൗദ് രാജകുമാരനുമാണ് കരാർ ഒപ്പുവച്ചത്. വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ പരിസ്ഥിതിക്ക് ആഘാതമുണ്ടാകുന്നത് ഒഴിവാക്കാനാണ് പുനരുപയോഗ ഊർജത്തെ എല്ലാ രാജ്യങ്ങളും ആശ്രയിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയും സൗദിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
