കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനാണ് ഫ്ളാഗ് ഓഫ് കർമ്മം നടത്തുക. ആദ്യ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കാണ് യാത്ര ആരംഭിച്ചതെങ്കിൽ രണ്ടാം വന്ദേഭാരത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് കന്നി യാത്ര ആരംഭിക്കും. ഉച്ചക്ക് 12.30 ന് ആണ് ഫ്ളാഗ് നടക്കുക. ഇതിനൊപ്പം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ കാസർകോട്ടെ വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. എട്ട് കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് രണ്ടാം വന്ദേഭാരതിന്റെ ആകർഷണം. നേരത്തെ ഒന്നാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. രണ്ടാം വന്ദേഭാരതിന് തിങ്കളാഴ്ച കാസർകോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടായിരിക്കില്ല. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് കാസർകോട്-തിരുവനന്തപുരം യാത്രയ്ക്കിടയിൽ രണ്ടാം വന്ദേഭാരത് നിർത്തുക. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന രണ്ടാം വന്ദേഭാരത് കണ്ണൂരിൽ 8.03 നും കോഴിക്കോട് 9.03 നും എത്തും കോഴിക്കോട് നിന്ന് 9.05 ന് യാത്ര പുനരാരംഭിക്കുന്ന ട്രെയിൻ തിരൂരിൽ 9.22 നാണ് എത്തുക. 10.03 ന് ഷൊർണ്ണൂരും 10.38 ന് 11.45 എറണാകുളത്തും എത്തും. ആലപ്പുഴയിൽ 12.38 നാണ് വന്ദേഭാരത് എത്തുക. കൊല്ലത്ത് 1.55 നും തിരുവനന്തപുരത്ത് 3.05 നും എത്തും. വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് 4.05 ന് ആണ് വന്ദേഭാരത് പുറപ്പെടുക. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, തിരൂർ- 8.52/8.54, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർകോട് – 11.55pm എന്നിങ്ങനെയാണ് സമയക്രമം.
