പാറപ്പള്ളി : മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ചെറുപ്പം മുതൽ തന്നെ കലാമേഖലയിൽ കഴിവ് തെളിയിച്ച ഈ കലാകാരി പിന്നീട് വാർത്തമാധ്യമ രംഗത്ത് തുടരുകയായിരുന്നു. വീണ്ടും രേഖ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കാലെടുത്തു വെച്ചിരിക്കുന്ന ഷാനയ്ക്ക് സിനിമയിലും നിരവധി അവസരങ്ങൾ ലഭിക്കുകയാണ്. ഷാനയെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി ദാമോദരൻ ‘ ഷാൾ അണിയിച്ച് അനുമോദിച്ചു.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ, വാർഡ്കൺവീനർ പി.ജയകുമാർ, വാർഡു സമിതി അംഗങ്ങളായ ബി.മുരളി, അംബിക മണ്ടേങ്ങാനം, രഞ്ജുഷ ബാലൂർ, എന്നിവരും സംബന്ധിച്ചു. ഇതിനോടകം 5 സീരിയലുകളിലും 3 ഷോട്ട് ഫിലിമുകളിലും അഭിനയിച്ച ഈ കലാകാരി നല്ല നാടൻ പാട്ടുകാരിയും മികച്ച അവതാരകയുമാണ്. ക്ലാസിക്കൽ നൃത്തത്തിൽ കഴിവ് തെളിയിച്ച ഷാന ഇക്കഴിഞ്ഞ കുടുംബശ്രീ അരങ്ങ് കലോത്സവത്തിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച് പങ്കെടുത്ത് സംസ്ഥാന തലത്തിൽ സീനിയർ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിടുണ്ട്.ബാലൂർ പുതിയപുരയിൽ നാരായണന്റെയും പുഷ്പയുടെയും മകളാണ്. ഏക മകൻ സ്വാസ്തിക് അമ്മയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.
കാസർഗോഡ് ബന്തടുക്ക സ്വദേശിയായ ജിതിൻ ഐസക് തോമസ് ആണ് രേഖ സിനിമയുടെ സംവിധായകൻ. കാഞ്ഞങ്ങാട് ഭാഷ ശൈലി ഉപയോഗിച്ചിട്ടുള്ള ഈ സിനിമയിൽ കൂടുതലും കാസർഗോഡ് ജില്ലയിലെ കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്.