ബേഡഡുക്ക: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹരിത കർമ്മസേന, കുടുംബശ്രീ, ബാലസഭ കുട്ടികൾ, ക്ലബ്ബ് വായന പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവർ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിനായി രാത്രി കാല സ്‌ക്വാഡുകൾ നിയോഗിച്ചിട്ടുണ്ട്. ബേഡഡുക്കയെ മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ഡി.പി.സി സർക്കാർ നോമിനി അഡ്വ.സി.രാമചന്ദ്രൻ പ്രഖ്യാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്തകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.മാധവൻ, സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി, സെക്രട്ടറി എസ്.എസ്.സജ്ജാസ,് ആസൂത്രണ സമിതി അംഗം എം.അനന്തൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ലോഹിതാക്ഷൻ പെരിങ്ങാനം, ജയപുരം ദാമോദരൻ, രാധാകൃഷ്ണൻ പേരിപാടി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ ശുചിത്വം നിലനിർത്തുന്നതിന് എല്ലാ ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു. എല്ലാ വീടുകളിലും ശുചിത്വം ഉറപ്പ് വരുത്തും. സ്വകാര്യ ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും 25 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതു പരിപാടികളിലും ഉത്സവ ആഘോഷങ്ങളിലും, കല്യാണം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ ഭക്ഷണം വിളമ്പുന്ന എല്ലാ പരിപാടികളും ഗ്രാമപഞ്ചായത്തിൽ മുൻകൂട്ടി അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.