NATIONAL NEWS

കൊവിഡിനേക്കാൾ വലിയ മഹാമാരി വരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായ പകർച്ചവ്യാധിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറാകണം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. യു എൻ ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ബജറ്റ് വർദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് മഹാമാരിയുടെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്ത പകർച്ചവ്യാധി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുക എന്നും ഇപ്പോൾ അല്ലെങ്കിൽ എപ്പോഴാണ് അത് ചെയ്യുക എന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചോദിച്ചു. ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നതിന് കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എന്നും അടുത്ത മഹാമാരിയെ ഇല്ലാതാക്കാൻ കൂട്ടായ്മയോടെ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയേയും പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ജനീവയിൽ നടക്കുന്ന 10 ദിവസത്തെ വാർഷിക ലോകാരോഗ്യ അസംബ്ലി, ഭാവിയിലെ പകർച്ചവ്യാധികൾ, പോളിയോ നിർമാർജനം, റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഉക്രെയ്നിന്റെ ആരോഗ്യ അടിയന്തരാവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ എന്നിവ ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങൾ ഒരു മഹാമാരി ഉടമ്പടി തയ്യാറാക്കുകയാണ്. അടുത്ത വർഷത്തെ യു എൻ അസംബ്ലിയിൽ ഇത് സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഈ തലമുറയിൽ നിന്നുള്ള പ്രതിബദ്ധത പ്രധാനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *