LOCAL NEWS

ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ്-2025 തിളക്കമാര്‍ന്ന അവാര്‍ഡ് നേട്ടത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്

സണ്ണി ചുളളിക്കര

രാജപുരം / ക്ഷയ രോഗ നിയന്ത്രണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്രാമപഞ്ചായത്തിന് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ് നേടി തിളക്കമാര്‍ന്ന വിജയത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്. 2023 മുതലാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ അവാര്‍ഡ് നല്‍കി വരുന്നത്.
ജനസംഖ്യ അടിസ്ഥാനത്തില്‍ പുതിയ രോഗികളെ കണ്ടെത്തുന്നതിന് ആവശ്യമായ കഫ പരിശോധന വര്‍ധിപ്പിക്കുകയും, രോഗികളുടെ എണ്ണം ഒരു വര്‍ഷം പത്തില്‍ താഴെ നിലനിര്‍ത്തുകയും, ചികിത്സ എടുക്കുന്ന രോഗികളില്‍ 85 ശതമാനം ആളുകളും പൂര്‍ണ്ണമായും സുഖം പ്രാപിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും, ചികിത്സ സ്വീകരിക്കുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സാ കാലയളവായ ആറുമാസം പൂര്‍ണമായും പോഷകാഹാരം കിറ്റ് സൗജന്യമായി ലഭ്യമാക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പഞ്ചായത്തുകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
ആദ്യ വര്‍ഷം വെങ്കല മെഡലും തുടര്‍ വര്‍ഷങ്ങളില്‍ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ സില്‍വര്‍,ഗോള്‍ഡന്‍ മെഡലുകള്‍ ലഭിക്കുകയും ചെയ്യും.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിലും ഉപരിയായി ജനങ്ങളെ ബോധവത്കരിച്ച് കൊണ്ട് കൂടുതല്‍ പേരെ കഫ പരിശോധനക്ക് വിധേയമാക്കാന്‍ കളളാര്‍ പഞ്ചായത്തിന് സാധിച്ചു. ചികിത്സയിലുള്ളവരെ കൃത്യമായി പിന്തുണ നല്‍കാനും അവര്‍ക്ക് പോഷകാഹാരം നല്‍കാനും സാധിച്ചു. ലോക ക്ഷയരോഗ ദിനമായ ഇന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്തിനുള്ള സര്‍ട്ടിഫിക്കറ്റും മെഡലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍,വൈസ് പ്രസിഡന്റ് പ്രിയ ഷാജി,ക്ഷേമകാര്യ സ്റ്റാന്റ്‌റിംഗ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത,അംഗങ്ങളായ സവിത.ബി,വനജ ഐത്തു,ശരണ്യസുധീഷ്, പഞ്ചായത്ത് സെക്രട്ടറി പ്രേമ .എ മെഡിക്കല്‍ ഓഫീസര്‍ ഷിന്‍സി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രീസ,റോയി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടറില്‍ നിന്നും ഏറ്റുവാങ്ങി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *