NATIONAL NEWS

മുൻ മന്ത്രി ബിജെപി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശിൽ തിരിച്ചടി…

ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവ് റുസ്തം സിങ് രാജിവച്ചു. മധ്യപ്രദേശിലെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റുസ്തമിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് രാജി. ഇദ്ദേഹത്തിന്റെ അനുയായികളും ബിജെപി വിടുമെന്ന് സൂചനയുണ്ട്. അതേസമയം, റുസ്തം സിങ് ബിഎസ്പിയിൽ ചേരുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. രണ്ടു തവണ മധ്യപ്രദേശിൽ എംഎൽഎയും മന്ത്രിയുമായ വ്യക്തിയാണ് റുസ്തം സിങ്. നേരത്തെ ഐപിഎസ് ഓഫീസറായിരുന്നു. രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്. അടുത്ത കാലത്തായി ഇദ്ദേഹത്തെ ബിജെപി അവഗണിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഗുജ്ജാർ സമുദായ നേതാവ് കൂടിയാണ് റുസ്തം സിങ്. മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയ്ക്കാണ് റുസ്തം സിങ് രാജിക്കത്ത് സമർപ്പിച്ചത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നു എന്നും എല്ലാ പദവികളും ഒഴിയുന്നു എന്നുമാണ് രാജിക്കത്തിൽ റുസ്തം സിങ് അറിയിച്ചിരിക്കുന്നത്. റുസ്തമിന്റെ മകൻ രാകേഷ് സിങ് ഇത്തവണ ബിഎസ്പി സ്ഥാനാർഥിയായി മൽസരിക്കുന്നുണ്ട്. മൊറേന നിയമസഭാ മണ്ഡലത്തിൽ നിന്നാണ് രാകേഷ് സിങ് ജനവിധി തേടുന്നത്. റുസ്തം സിങ് മകന് വേണ്ടി മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്വാളിയോർ-ചമ്പാരൻ മേഖലയിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവ് കൂടിയാണ് റുസ്തം സിങ്. ഇദ്ദേഹത്തിന്റെ സാന്നിധ്യം മേഖലയിൽ ബിജെപിക്ക് കരുത്ത് പകർന്നിരുന്നു. 2003ലാണ് ബിജെപിയിൽ ചേർന്നത്. പിന്നീട് തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 2003ലും 2013ലും റുസ്തം സിങ് നിയമസഭയിലെത്തി. ആദ്യ തവണ ജയിച്ച വേളയിൽതന്നെ ബിജെപി മന്ത്രിയുമായി. 2015-2018 കാലത്തും മന്ത്രിയായിട്ടുണ്ട്. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 116 സീറ്റ് നേടുന്ന പാർട്ടിക്ക് ഭരണം നടത്താൻ സാധിക്കും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഭരണത്തിലെത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്നവർ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ ഭരണം മാറി. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്. നവംബർ 17നാണ് പോളിങ്. ഫലം ഡിസംബർ മൂന്നിനറിയാം.

Leave a Reply

Your email address will not be published. Required fields are marked *