സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അവ്യക്തത തുടരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സിനിമാഭിനയം തുടരണം എന്ന ആവശ്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതിന് അനുകൂല മറുപടിയായിരുന്നു ലഭിച്ചത് എന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച സൂചന സുരേഷ് ഗോപി തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഫിലിം ചേംബര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ പുതിയ സിനിമയായ ഒറ്റക്കൊമ്പന്‍ ചിത്രീകരണം തുടങ്ങാന്‍ പോകുകയാണ് എന്നും താന്‍ അനുമതി തേടിയിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സിനിമയാണ് തന്റെ ജീവിതമെന്നും സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം തിരിച്ചെടുത്താന്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരമാര്‍ശം ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സംസാരത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പരാമര്‍ശിച്ചതും അതൃപ്തിക്ക് കാരണമായി. 22 സിനിമകളില്‍ അഭിനയിക്കണമെന്ന് പറഞ്ഞുള്ള പേപ്പര്‍ കെട്ട് അമിത് ഷാ എടുത്തെറിഞ്ഞു എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എങ്കിലും തന്റെ അപേക്ഷ പരിഗണിക്കാനാണ് സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സിനിമ ചെയ്യുന്നതിന്റെ പേരില്‍ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും തൃശൂര്‍കാരെ കൂടുതല്‍ പരിഗണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് മാറുന്നത് സുരേഷ് ഗോപിയും ആലോചിക്കും എന്നാണ് വിവരം. അഭിനയിക്കണമെന്ന ആവശ്യത്തിന്മേല്‍ പരിഗണിക്കാമെന്ന ഒഴുക്കന്‍ മറുപടി നല്‍കിയതല്ലാതെ നേതൃത്വം ഇനിയും അനുമതി നല്‍കിയിട്ടില്ല എന്നതാണ് സുരേഷ് ഗോപിയേയും അസ്വസ്ഥപ്പെടുത്തുന്നത്. അതേസമയം സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് ഭരണഘടന വിദഗ്ധര്‍ പറയുന്നത്. മന്ത്രി പദവിയിലിരുന്ന് പണസമ്പാദനത്തിനുള്ള മറ്റ് വഴികള്‍ തേടരുത് എന്നാണ് നിലവിലെ ചട്ടം. മന്ത്രിസ്ഥാനത്തിരുന്ന് സുരേഷ് ഗോപിക്ക് സിനിമ ചെയ്യാന്‍ നിയമതടസ്സമുണ്ടെന്ന് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി പറഞ്ഞു. ചിദംബരം, കപില്‍ സിബല്‍ തുടങ്ങി വളരെ സീനിയര്‍ ആയ അഭിഭാഷകര്‍ പോലും മന്ത്രിമാരായിട്ടുണ്ടെന്നും എന്നാല്‍ മന്ത്രിയായിരിക്കുമ്പോള്‍ അവരാരും പ്രാക്ടീസ് ചെയ്യാന്‍ പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യങ്ങളുമായി എത്തിയേക്കാം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെയാണ് ബി ജെ പിക്ക് ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലമെന്നോണം നേതൃത്വം താരത്തിന് സഹമന്ത്രിസ്ഥാനം നല്‍കിയിരുന്നു. നിലവില്‍ പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രിയാണ് അദ്ദേഹം.