NATIONAL NEWS

കേരളത്തിനോട് അവഗണനയില്ല; എയിംസിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്ഥലം മതിയാവില്ല’;സുരേഷ് ഗോപി

കേന്ദ്ര ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി എംപി. കേരളത്തില്‍ യുവാക്കളില്ലേ. യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലേ. സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ലെന്നും. കോഴിക്കോട് നല്‍കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത് . എന്‍ഡിഎ സഖ്യത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റില്‍ കേരളത്തിന് കിട്ടി, മനം നിറയെ നിരാശ: പ്രതീക്ഷിച്ച ഒരു പദ്ധതി പോലുമില്ല വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശാജനകമായ ബജറ്റാണിത്. അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ ഒരു ആവശ്യത്തെയും പരിഗണിച്ചില്ല. ജനങ്ങളുടെ പുരോഗതിയെക്കരുതിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ മോദി ഗവണ്‍മെന്റിന്റെ നിലനില്‍പ്പിന് വേണ്ടി മാത്രം നടത്തിയ ഒരു രാഷ്ട്രീയ ഗിമ്മിക്കാണ് ബജറ്റെന്ന് പറയാം. സംസ്ഥാനങ്ങളെ കരുതിയിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ന്യായമായ കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ല.കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്നാല്‍ ബജറ്റില്‍ ധാരാളം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തിലുണ്ടായിട്ടുകൂടി കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ല. ഇവരും യുഡിഎഫ് എംപിമാരും ഇതില്‍ അഭിപ്രായം പറയണം. സംയുക്തമായി കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഒരു മേഖലയും നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈകളില്‍ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബഡ്ജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റി എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തിയത്.ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബി.ജെ.പിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *