കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പൂര്‍ണ്ണമായും നിരാശാജനകമാണെന്ന് ഷാഫി പറമ്പില്‍ എംപി. കേരളം നേരിട്ടത് കടുത്ത അവഗണനായാണെന്നും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടി മാത്രമുള്ള ബജറ്റായി കേന്ദ്ര ബജറ്റിനെ ചുരുക്കിക്കെട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് എല്ലാവരും പറഞ്ഞിരുന്നു. സീറ്റുകളുടെ എണ്ണം അത്രത്തോളം കുറഞ്ഞു. എന്നാല്‍ ബജറ്റോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയിലാണെന്നെല്ല വെന്റിലേറ്ററിലാണെന്ന് വ്യക്തമായതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ധനകാര്യമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാനുള്ള ബജറ്റ് മാത്രമാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. ആ സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയതിനല്ല, എല്ലാവരേയും ഒരുപോലെ കാണാനോ അര്‍ഹമായ വിഹിതം നല്‍കാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നയമാണ് നമ്മള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തെ അവഗണിച്ചിട്ടില്ല, യൂണിയന്‍ ബജറ്റ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കണ്ടന്റും ഇന്നത്തെ ബജറ്റിലില്ല. രാഷ്ട്രീയപരമായി അതിജീവിക്കാനുള്ള ഒരു ടൂള്‍ കിറ്റ് മാത്രമായി ഈ ബജന്റിനെ ബി ജെ പി മാറ്റി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ബജറ്റിലില്ല. യുവജനത തീര്‍ത്തും നിരാശരായി. ആവശ്യമായ എല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരു വര്‍ഷം കൂടി ഈ സര്‍ക്കാര്‍ തുടരണം എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ബജറ്റാണ് ഇത്. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികളെ പ്രീതിപ്പെടുത്താന്‍ കേന്ദ്ര ബജറ്റിനെ ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ കേരത്തിന്റെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളോട് കാണിച്ചിട്ടുള്ള ഈ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
