സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിച്ചുന്നയിക്കാന്‍ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാര്‍ഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഈ അവഗണനയ്‌ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
