KERALA NEWS

പൾസ് കിട്ടിയിട്ടുണ്ട്; ജയിച്ചാൽ തൃശൂരിൽ മാറ്റം കാണും, അത് പോര എന്ന് പറയരുതെന്ന് സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വീണ്ടും കളത്തിലിറങ്ങുകയാണ് നടൻ സുരേഷ് ഗോപി. ബിജെപി തുടർച്ചയായി തൃശൂരിൽ അവതരിപ്പിക്കുന്ന മുഖമാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ മൽസരിച്ചിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ ഇത്തവണ അങ്ങനെയല്ലെന്ന് അദ്ദേഹം പറയുന്നു. ഗരുഡൻ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് ദുബായിൽ എത്തിയതായിരുന്നു സുരേഷ് ഗോപി. മാധ്യമങ്ങളുമായി സംവദിക്കവെയാണ് രാഷ്ട്രീയ കാര്യങ്ങൾക്കും മറുപടി പറഞ്ഞത്. തൃശൂരിലെ തിരഞ്ഞെടുപ്പ്, ജയസാധ്യത എന്നീ കാര്യങ്ങളിലായിരുന്നു ചോദ്യങ്ങൾ. വിജയിക്കുമെന്ന പ്രതീക്ഷ സുരേഷ് ഗോപി പങ്കുവച്ചു. ഇത്തവണ വലിയ പ്രതീക്ഷയിലാണ് അദ്ദേഹം. കേരളത്തിൽ ബിജെപി വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആറ് ലോക്സഭാ മണ്ഡലങ്ങളിലാണ്. തിരുവനന്തപുരവും തൃശൂരും പാലക്കാടുമെല്ലാം ഇതിൽപ്പെടും. തുടർച്ചയായി ഒരേ മുഖം അവതരിപ്പിച്ച് ജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുക എന്ന തന്ത്രമാണ് തൃശൂരിൽ ബിജെപി പയറ്റുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ഇത് ശരിവെക്കുന്നതായിരുന്നു. രാജ്യസഭാ എംപിയായിരിക്കെ തൃശൂരിൽ വികസന പദ്ധതികൾ സുരേഷ് ഗോപി മുന്നോട്ട് വച്ചിരുന്നു. മേയറുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. തുടർച്ചയായി മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് അദ്ദേഹം തൃശൂരിൽ നേരിടാൻ പോകുന്നത്. സിപിഐയിലും കോൺഗ്രസിലും ഉൾപ്പോര് നിലനിൽക്കുന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്നു. തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും താൻ ഇങ്ങനെ പറഞ്ഞിട്ടില്ല. ജനങ്ങളുടെ തീരുമാനത്തിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ട്. പൾസ് അറിഞ്ഞതിനാൽ ഒരു വിശ്വാസമുണ്ട്. ജയിക്കും. ഒരു വോട്ടിനാണെങ്കിലും ഇത്തവണ ജയിപ്പിക്കണമെന്ന അഭ്യർഥനയാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പഴയ വാക്കുകൾ വാർത്താ സമ്മേളനത്തിൽ ഉയർന്നു. തൃശൂർ തന്നാൽ എടുക്കുമെന്ന് അദ്ദേഹം മറുപടി നൽകി. എടുക്കുന്നതിന് എന്തിനാണ് അമാന്തം. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൻ വ്യത്യസ്തത കാണുകയും ചെയ്യും. അന്നേരം അത് പോര എന്ന് പറയരുത്. അപ്പോ പിന്നെ എടുത്തവർ എന്താണ് ചെയ്തത് എന്നുകൂടി പറഞ്ഞുതരേണ്ടി വരുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 2019ൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി മൽസരിച്ചപ്പോൾ 2.93 ലക്ഷം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. സിപിഐക്ക് വേണ്ടി കളത്തിലിറങ്ങിയ രാജാജി മാത്യു തോമസിന് 3.21 വോട്ട് കിട്ടി. 4.15 ലക്ഷം വോട്ടുമായി ടിഎൻ പ്രതാപനായിരുന്നു വിജയം. ഇത്തവണ പ്രതാപൻ തന്നെ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങാനാണ് സാധ്യത. മറ്റൊരാളെ നിർത്തുന്നത് തിരിച്ചടിയേൽക്കാനിടയാക്കുമെന്നാണ് കോൺഗ്രസിലെ ചർച്ചകൾ.

Leave a Reply

Your email address will not be published. Required fields are marked *