കാങ്കോലിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനമാണ് ഇന്ന്്. പൊതു പ്രവർത്തനത്തിന്റെ നാനാ തുറകളിലും നിറഞ്ഞു നിന്ന കുഞ്ഞപ്പൻ മാസ്റ്റർ കാൽ നൂറ്റാണ്ടിലേറെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മറുപക്ഷത്തുള്ളവരെ പാർട്ടിയിൽ എത്തിക്കുക എന്ന ദൗത്യം നിർവ്വഹിച്ച ത്യാഗ ധനനായ നേതാവായിരുന്നു മാസ്റ്റർ . നാട്ടിലുണ്ടാകുന്ന കുടുംബ പ്രശ്നങ്ങൾ, അതിർത്തിത്തർക്കം, വഴി പ്രശ്നം എന്നിവയെല്ലാം ഉയർന്നു വരുമ്പോൾ കുഞ്ഞപ്പൻ മാസ്റ്ററെ സമീപിക്കുക പതിവായിരുന്നു. ഇരു കൂട്ടരേയും രമ്യതയിലെത്തിക്കാനും സൗഹൃദത്തോടെ തിരിച്ചയക്കാനുമുള്ള കുഞ്ഞപ്പൻ മാസ്റ്ററുടെ സ്വതസിദ്ധമായ കഴിവ് ഇന്നും പഴയ തലമുറ ഇന്നും ഓർത്തു വെക്കുന്നു. .ഇടവഴികൾ പ്രാദേശിക റോഡുകളാക്കി മാറ്റാനും ചെറുവാഹനങ്ങൾ നാട്ടിലെത്തിക്കാനുമുള്ള ചുമതല കുഞ്ഞപ്പൻ മാസ്റ്റർ ഏറ്റെടുത്ത അനുഭവങ്ങൾ ഏറെയാണ്. പി.ശശിധരൻ കാങ്കോൽ – ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും കുഞ്ഞപ്പൻ മാസ്റ്റർ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്നപ്പോഴായിരുന്നു സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി കാങ്കോൽ – ആലപ്പടമ്പ് ഗ്രാമ പഞ്ചായത്തിന് കരഗതമായത്. അന്നത്തെ സ്വരാജ് ട്രോഫി ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് ഓഡിറ്റോറിയം നിർമ്മിച്ചതും കാങ്കോൽ ടൗണിൽ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത് മിനി ഷോപ്പിങ്ങ് കോംപ്ലക്സ് പണി തതും. പഞ്ചായത്തിന് തനത് വരുമാനം നേടിയെടുക്കുന്നതിന് ഈ മിനി ഷോപ്പിങ്ങ് കോംപ്ലക്സിലൂടെ കഴിയുന്നു. കാങ്കോലിൽ പൊതു ശ്മശാനം എന്ന ആശയം ഉയർത്തിക്കൊണ്ടു വന്നതും നടപ്പാക്കിയതും കുഞ്ഞപ്പൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. മികച്ച ശിഷ്യ സമ്പത്തുള്ള കുഞ്ഞപ്പൻ മാസ്റ്റർ മികച്ച സഹകാരി കൂടിയായിരുന്നു. രാഷ്ട്രീയ എതിരാളികളില്ലാതിരുന്ന മാതൃകാ കമ്മ്യൂണിസ്റ്റായിരുന്ന കുഞ്ഞപ്പൻ മാസ്റ്റർ ഇന്നും ജന ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു
