രാജപുരം: ഒരു മോഹത്തിൽ നിന്നു തുടങ്ങിയ സൈക്കിൾ യാത്രയ്ക്കാണ് കേശവദാസപുരം സ്വദേശി സന്ദീപ് ഉണ്ണി തിരുവനന്തപുരത്തുനിന്നും തുടക്കം കുറിച്ചത്. ഇന്ത്യയെ അറിയുക.
സൈക്കിൾ സവാരി എന്നും കമ്പം. കൊല്ലത്തേയ്ക്കും പത്തനംതിട്ടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയി വരിക വെറും ഹോബി മാത്രം. അപ്പോഴാണ്, എന്തുകൊണ്ട് ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിച്ച്് ഹിമവാന്റെ മന്ദസ്മിതങ്ങൾ ഏറ്റുവാങ്ങി വന്നുകൂട എന്നു ചിന്തിച്ചത്. യാത്ര തുടങ്ങിയപ്പോൾ പക്ഷേ, ആശയത്തിനൊരു സന്ദേശവും സന്ദീപ് നൽകി. ‘ നമ്മെ സംരക്ഷിക്കുന്ന ഡോക്ടർന്മാരെയും നഴ്‌സുമാരെയും പോലീസിനെയും അക്രമിക്കാതിരിക്കുക, മാരക ലഹരികളോട് വിടപറയുക, ‘ ട്രിവാൻഡ്രം ടു കശ്മീർ’ എന്ന ബോർഡ്് വെച്ച് സൈക്കിളിൽ വരുന്ന കൗമാരക്കാരനോട് വിശേഷം ചോദിക്കുന്നവരോടൊക്കെ ഈ സന്ദേശം ആവർത്തിക്കും.
പ്ലസ്ടുവിന് ശേഷം പലജോലികളും ചെയ്തു കിട്ടുന്ന ചെറിയ തുക ഉപയോഗിച്ച് ചെറിയ യാത്രകൾ നടത്തി. ആറുമാസമായി ജഗതിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കിട്ടിയ തുക കൂട്ടിവെച്ചാണ് കാശ്മീർ യാത്ര സഫലമാക്കുന്നത്. യാത്രയെ സന്ദീപ് അത്രമാത്രം മോഹിക്കുന്നുവെന്നതിനാൽ സ്ഥാപനവും മൂന്നു മാസത്തേയ്ക്ക്് അവധി നൽകി. അടുത്തിടെ ഗൾഫിലേയ്ക്ക് പോയ അമ്മ സിന്ധുവും കേശവദാസപുരത്തെ വാടക വീട്ടിലുളള അമ്മൂമ്മയും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം സന്ദീപിന്റെ ആഗ്രഹത്തോടൊപ്പമുണ്ട്.
പരമാവധി സംസ്ഥാനങ്ങൾ കടന്ന് 8000 കിലോമീറ്ററാണ് യാത്ര. ദിവസവും ശരാശരി 150 കിലോമീറ്റർ. ആദ്യ ദിവസം കൊല്ലത്ത് തങ്ങി. തുടർന്ന് കൊച്ചി.കണ്ണൂർ, 20ന് കാസർകോട് ജില്ലയിലെ പടിമരുതിൽ തങ്ങി.
ഇന്ന്് മംഗലാപുരം വഴി ഗോവ, മൈസൂരു, ബംഗളൂരു, തിരിച്ച്് ചെന്നെ. തുടർന്ന് മധ്യ-ഉത്തര ഇന്ത്യയിലൂടെ കശ്മീരിലെത്തി മടക്കം. യാത്ര പൂർത്തിയാക്കാൻ 3 മാസമെടുക്കും.
