ടെഹ്റാന്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്‌റാഈലും അമേരിക്കയും അതിശക്തമായ ബോംബാക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ വര്‍ഷവും നടത്തുന്നു. ഇതിനിടെ, ആഗോള എണ്ണവ്യാപാരത്തിന്റെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു.
ടെഹ്റാനില്‍ കനത്ത ബോംബാക്രമണം; 787 മരണം
തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ടെഹ്റാന്‍ നഗരത്തില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങളാണ് കേള്‍ക്കുന്നത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഔദ്യോഗിക ടെലിവിഷന്‍ കോംപ്ലക്‌സ് (IRIB), ഇറാന്റെ നിര്‍ണ്ണായക രാഷ്ട്രീയ സമിതിയായ എക്‌സ്പിഡിയന്‍സി കൗണ്‍സില്‍ കെട്ടിടം എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടന്നു. ടെഹ്റാന്‍ കൂടാതെ ഖോം, കരജ് നഗരങ്ങളിലും ബോംബാക്രമണം രൂക്ഷമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
റിയാദിലെ യുഎസ് എംബസിയില്‍ സ്‌ഫോടനം; പ്രവാസികള്‍ക്ക് ജാഗ്രത
സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണത്തില്‍ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് റിയാദ്, ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ എംബസി നിര്‍ദ്ദേശം നല്‍കി. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലും പുതിയ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് അടച്ചു; വിമാനങ്ങള്‍ തിരിച്ചുവിട്ടു
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അപകടത്തിലായതോടെ വിമാനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവിട്ടു. അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങള്‍ മസ്‌കറ്റിലേക്കും, ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മുംബൈയിലേക്കും തിരിച്ചുവിട്ടു. റിയാദിലേക്കുള്ള വിമാനങ്ങളും യാത്ര പാതിവഴിയില്‍ നിര്‍ത്തി തിരികെ പോയി.
കുവൈത്തിലും യുഎഇയിലും ഇറാന്‍ ആക്രമണം
കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളമായ ആരിഫ്ജാന്‍ ബേസിന് (Arifjan Base) നേരെ ഇറാന്‍ 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. യുഎഇയിലെ അല്‍ മിന്‍ഹാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഓസ്ട്രേലിയന്‍ സൈനികര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ സുരക്ഷിതരാണെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. ഇറാഖിലെ അര്‍ബീലില്‍ അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന ഹോട്ടലിന് നേരെയും ഡ്രോണ്‍ ആക്രമണം നടന്നു.





