കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ തടയുകയും വളയുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ മന്ത്രിയുടെ കൈക്കും കഴുത്തിനും പരുക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിയെ ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ മന്ത്രി പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, കെ എസ് യു ആരോപണം നിഷേധിച്ചു. മന്ത്രിയെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്നും മന്ത്രി രക്തസാക്ഷി പരിവേശത്തിന് ശ്രമിക്കുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയായിരുന്നു.




