KERALA NEWS

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാര്‍ട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാര്‍ട്ടികളെ പട്ടിക രണ്ടിലും ഉള്‍പ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാര്‍ട്ടികള്‍ക്ക്
നല്‍കിയിട്ടുള്ളത്. വിജ്ഞാപനം www.sec.kerala.gov.inവെബ് സൈറ്റില്‍ പരിശോധിക്കാം. മൂന്നാംപട്ടികയില്‍, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാര്‍ട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പട്ടിക നാലിലുള്ള 74 സ്വതന്ത്ര ചിഹ്നങ്ങളില്‍ 1, 2, 3 പട്ടികകളില്‍ ഉള്‍പ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ സ്വതന്ത്ര ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പട്ടിക 4-ല്‍ നിന്ന് ഒരു ചിഹ്നം നല്‍കും. ഒന്നാം പട്ടികയില്‍ ദേശീയ പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി ( ചൂല്) , ബഹുജന്‍ സമാജ് പാര്‍ട്ടി ( ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
(ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈ), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (പുസ്തകം) എന്നിവര്‍ക്കും രണ്ടാം പട്ടികയില്‍ കേരള സംസ്ഥാന പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദള്‍ (സെക്യുലര്‍) ( തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഏണി), കേരള കോണ്‍ഗ്രസ് (എം) ( രണ്ടില), കേരളകോണ്‍ഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവര്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.

മൂന്നാം പട്ടികയില്‍ ഉള്ള പാര്‍ട്ടികളും അവര്‍ക്ക് അനുവദിച്ച ചിഹ്നം ബ്രാക്കറ്റിലുമായി ചുവടെ ചേര്‍ക്കുന്നു. ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) (തൊപ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്(സിംഹം), ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (പൂക്കളും പുല്ലും), ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്) (മണ്‍പാത്രം) , സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ (മണി) , കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കൗണ്‍സില്‍ (സിപി ജോണ്‍ വിഭാഗം) (നക്ഷത്രം), കോണ്‍ഗ്രസ് (സെക്യുലര്‍) (കായ്ഫലമുള്ള തെങ്ങ്),
ദ്രാവിഡ മുന്നേറ്റ കഴകം (ഉദയസൂര്യന്‍), ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) (ത്രാസ്), ജനതാദള്‍ (യുണൈറ്റഡ്) (അമ്പ് ), ജനാധിപത്യ കേരള കോണ്‍ഗ്രസ് (സ്‌കൂട്ടര്‍), കേരള കോണ്‍ഗ്രസ് (ബി) (ബസ്), കേരള കോണ്‍ഗ്രസ് (ജേക്കബ്) (ബാറ്ററി ടോര്‍ച്ച്), ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) (ബംഗ്ലാവ്), മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) (ഫ്‌ളാഗ്), നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (ഗ്ലാസ് ടംബ്ലര്‍), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ക്ലോക്ക് ), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍ (ടര്‍ഹയൂതുന്ന പുരുഷന്‍), പീപ്പിള്‍സ് ഡെമോക്രാറ്റിക്
പാര്‍ട്ടി (പിഡിപി) (ബോട്ട്), രാഷ്ട്രീയ ജനതാദള്‍ (റാന്തല്‍ വിളക്ക്), രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടി (കൈപ്പമ്പ്), രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (സീലിംഗ് ഫാന്‍), റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ഫുട്‌ബോള്‍), സമാജ്വാദി പാര്‍ട്ടി (എസ് പി) (സൈക്കിള്‍), ശിവസേന (എസ്എസ്) (വില്ലും അമ്പും), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) (കണ്ണട), ട്വന്റി 20 പാര്‍ട്ടി (മാങ്ങ), വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഗ്യാസ് സിലിണ്ടര്‍)

Leave a Reply

Your email address will not be published. Required fields are marked *