KERALA NEWS

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിപങ്കിട്ട് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍; പ്രമീള ശശിധരനെ തള്ളി ബി ജെ പി

പാലക്കാട് : ഗര്‍ഭഛിദ്ര, വധ ഭീഷണി ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കൊപ്പം ബി ജെ പി പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തതിനെതിരെ പാര്‍ട്ടി. ബി ജെ പി ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനം വിളിച്ചാണ് നഗരസഭ ചെയര്‍പേഴ്സണെ തള്ളി രംഗത്തെത്തിയത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബി ജെ പി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റിന്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗവും രംഗത്തെത്തി. വികസന പ്രവര്‍ത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിവാദങ്ങളില്‍ പ്രമീള ശശിധരന്റെ പ്രതികരണം. പാര്‍ട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു. വാര്‍ഡ് കൗണ്‍സിലറാണ് പരിപാടിയിലേക്ക് വിളിച്ചത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി തന്നിട്ടില്ല. രേഖാമൂലമോ
വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരില്ലെന്നും പ്രമീള വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും, പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലാണ് പ്രമീള ശശിധരന്‍.
മുതിര്‍ന്ന ബി ജെ പി നേതാവ് എന്‍ ശിവരാജന്റെ പിന്തുണയും പ്രമീളക്കാണ്. സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ വാര്‍ഡില്‍ പി ടി ഉഷ എം പിയെ എത്തിച്ച് കഴിഞ്ഞ ദിവസം നടത്തിയ പൊതു പരിപാടിയില്‍ തന്നെ ഒഴിവാക്കിയതില്‍ പ്രമീള ശശിധരന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൃഷ്ണകുമാര്‍ പക്ഷവും വിരുദ്ധ പക്ഷവും തമ്മിലെ കടുത്ത വിഭാഗീയത വീണ്ടും സജീവമാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *