തിരുവനന്തപുരം :കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1,031 പേരില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കാണ് ധനസഹായം നല്‍കുക. ഇതിനുള്ള അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങള്‍ക്ക് 50 ഫ്ളാറ്റുകള്‍
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയില്‍പ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് അനുവദിക്കും. ‘പുനര്‍ഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്ളാറ്റ് സമുച്ചയത്തിലെ 50 ഫ്ളാറ്റുകളാണ് നല്‍കുക. പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്ളാറ്റുകളാണ് നല്‍കുന്നത്.
ശമ്പള പരിഷ്‌ക്കരണം
കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌ക്കരണം 2019 ജൂലൈ ഒന്ന് പ്രാബല്യത്തില്‍ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അപാകതകള്‍ പരിഹരിച്ച് റേഷ്യോ പ്രൊമോഷന്‍ അനുവദിക്കും. ശമ്പള പരിഷ്‌കരണത്തിലെ ഇ പി എഫ് എംപ്ലോയര്‍ വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നല്‍കി. എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കും.
കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കും
കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.




