അഹമ്മദാബാദ് : ഗുജറാത്ത് രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ, ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതല്‍ ആറ് വരെ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ തുടരാന്‍ സാധ്യതയുണ്ട്. ബാക്കിയുള്ള സ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ വരും. വീണ്ടും നിയമിക്കപ്പെടുന്നവരുടെ രാജി ഗവര്‍ണര്‍ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് നിലവില്‍ തല്‍സ്ഥാനത്ത് തുടരുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പിയുടെ നിര്‍ണായക നീക്കം. തിരഞ്ഞെടുപ്പിന് മുമ്പ് ജാതി-പ്രാദേശിക പ്രാതിനിധ്യം സന്തുലിതമാക്കുന്നതിനും പുതിയ ഊര്‍ജ്ജം പകരുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുനഃസംഘടനയെ വിലയിരുത്തപ്പെടുന്നത്.





